മലബാറിനോട് വിദ്യാഭ്യാസ അവഗണന

ജന. സെക്രട്ടറി, എസ് എസ് എഫ് കേരള
Posted on: June 14, 2019 10:51 am | Last updated: June 14, 2019 at 11:00 am

ബ്രിട്ടീഷുകാരുടെ തീവ്രമായ പ്രതികാര മനോഭാവത്തിന്റെ തുടർച്ചയാണ് മലബാറിന്നനുഭവിക്കുന്ന അവഗണനകൾ. അധിനിവേശ ശക്തികൾക്കെതിരെ നിരന്തരമായ പോരാട്ടം നടത്തിയ ജനതയെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്. ഇതിന്റെ തുടർച്ചകളാണ് ഇന്നും അനുഭവിക്കുന്നത്.
ഐക്യകേരളത്തിൽ മലബാറിനെ ലയിപ്പിക്കുമ്പോൾ, തിരുവിതാംകൂറിലും കൊച്ചിയിലും നേരത്തേ തന്നെ വികസനങ്ങളുണ്ടായിരുന്നു എന്നത് കൊണ്ടു തന്നെ മലബാറിനെ ഒരൽപ്പം പരിഗണിക്കേണ്ടിയിരുന്നു.

അങ്ങനെയൊരു നീക്കവും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ജനസംഖ്യാനുപാതികമായി മലബാർ അർഹിച്ച വികസന പദ്ധതികളും സംരംഭങ്ങളും ഭരണകൂടം തടഞ്ഞുവെച്ചു. ഈ അശാസ്ത്രീയ നീക്കത്തിന്റെ ദുരന്തഫലം എല്ലാ മേഖലകളിലും പ്രകടമായി കാണാൻ കഴിയും. ഇത് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലാണ്.

വിദ്യാഭ്യാസ പ്രതിസന്ധി
59,575 വിദ്യാർഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി സീറ്റില്ലാതെ മലബാറിലെ ആറ് ജില്ലകളിലായി വിദ്യാലയങ്ങൾക്ക് പുറത്ത് നിൽക്കുന്നത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും തൊട്ടടുത്ത വിദ്യാലയവും ഇഷ്ടപ്പെട്ട കോഴ്‌സും തിരഞ്ഞെടുക്കാനാകാത്ത ദുരവസ്ഥയിലാണ് മലപ്പുറത്തെ വിദ്യാർഥികൾ.

സീറ്റില്ലാതെ പുറത്ത് നിൽക്കുന്ന മലബാറിലെ വിദ്യാർഥികളുടെ കണക്കിങ്ങനെയാണ്. മലപ്പുറം- 25,560, പാലക്കാട്- 11,609, കോഴിക്കോട്- 9,552, കണ്ണൂർ- 5,941, കാസർകോട്- 4,263, വയനാട്- 2650.

അതേസമയം, മതിയായ കുട്ടികളില്ലാത്തതിനാൽ 2019 ൽ 54 ബാച്ചുകൾ തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുമെന്നാണ് വിവരാവകാശ പ്രകാരം അറിയാൻ കഴിഞ്ഞത്. മലബാറിൽ അരലക്ഷത്തിലേറെ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരമില്ലാത്തപ്പോൾ മധ്യകേരളത്തിൽ ഈ വർഷം ഏഴായിരത്തിലേറെ ഹയർ സെക്കൻഡറി സീറ്റുകൾ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു.

തെക്കൻ ജില്ലകളിൽ മിക്കയിടത്തും പത്താം ക്ലാസ് എഴുതിയവരേക്കാൾ കൂടുതലാണ് ഹയർ സെക്കൻഡറി സീറ്റുകൾ. ഈ ജില്ലകളിൽ സർക്കാർ മേഖലയിൽ തന്നെ മറ്റു ഉപരിപഠന കോഴ്‌സുകൾ വേറെയുമുണ്ട്. പ്ലസ് വണ്ണിന് പുറമെ പൊതുമേഖലയിലെ എല്ലാ ഉപരിപഠന സാധ്യതകളും ഉപയോഗപ്പെടുത്തിയാലും മലബാറിലെ നാൽപ്പതിനായിരത്തിലേറെ വിദ്യാർഥികൾ പുറത്തു തന്നെയായിരിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്തും മലബാറിലെ സ്ഥിതി മറ്റൊന്നല്ല. മലബാറിലാകെയുള്ളത്, 20,224 സർക്കാർ/എയ്ഡഡ് സീറ്റുകളാണ്. മലപ്പുറത്ത് മാത്രം പ്ലസ്ടു ജയിച്ചവർ 47,664 വിദ്യാർഥികളുണ്ട്. മലബാറിലെ മുഴുവൻ സീറ്റുകൾ ഉപയോഗിച്ചാലും മലപ്പുറത്തെ വിദ്യാർഥികൾക്കു തികയില്ല. 85 ശതമാനം വിദ്യാർഥികൾ പടിക്ക് പുറത്തിരിക്കേണ്ടിവരുന്നു.

കേരളത്തിലെ പതിനേഴ് യൂനിവേഴ്‌സിറ്റികളിൽ അഞ്ചെണ്ണം മാത്രമാണ് മലബാറിലുള്ളത്. മലപ്പുറത്തെ ഇഫ്‌ളു ക്യാമ്പസെവിടെയാണിപ്പോൾ? അലിഗഢ് മലപ്പുറം ഓഫ് ക്യാമ്പസിന്റെ നിലവിലെ അവസ്ഥയും പരിശോധിക്കേണ്ടതുണ്ട്. ഇതൊക്കെ മലബാറിനോടുള്ള അവഗണനയെെല്ലങ്കിൽ പിന്നെയെന്താണ്?

സാക്ഷരതയിലും പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്ന പ്രദേശമാണ് കേരളം. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് നിരവധി പദ്ധതികളും പ്രവർത്തനങ്ങളും സംസ്ഥാനത്ത് തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴും ഒരു പ്രത്യേക പ്രദേശത്തു മാത്രം ഉന്നത പഠനത്തിനായുള്ള അവസരങ്ങൾ നിഷേധിക്കുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ എത്ര കാലമായി നടക്കുന്നു?

Also read: മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന: എസ് എസ് എഫ് പ്രക്ഷോഭത്തിലേക്ക്; കലക്ട്രേറ്റ് മാര്‍ച്ച് ശനിയാഴ്ച

ജനപ്രതിനിധികൾ പ്രതികൾ
ഇന്നനുഭവിക്കുന്ന സീറ്റ് പ്രതിസന്ധിയുടെ കാര്യത്തിൽ മാറിമാറി വന്ന ഇടതുവലതു മുന്നണികൾ പ്രതിക്കൂട്ടിലാണ്. നിരവധി വിദ്യാഭ്യാസ മന്ത്രിമാരും മറ്റു മന്ത്രിമാരും ഈ മേഖലയിൽ നിന്നുണ്ടായിട്ടുണ്ടെങ്കിലും അർഹിച്ച അവകാശങ്ങൾ പോലും ചോദിച്ചുവാങ്ങാൻ അവർക്കായില്ല.

മുൻ കാലങ്ങളിലെ ചുരുക്കം ചിലർ ഒഴിച്ചാൽ വിദ്യാഭ്യാസ കാര്യങ്ങളിൽ കൃത്യമായ നിലപാടുള്ളവർ മലബാറിൽ നിന്ന് ഉയർന്നുവന്നില്ല എന്നത് ഈ അപചയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കൃത്യമായ വിദ്യാഭ്യാസ നിലപാടുകളോടെ ജനപ്രതിനിധികൾ പ്രവർത്തിച്ചിരുന്നെങ്കിൽ മലബാറിന്റെ ചിത്രം മറ്റൊന്നായേനെ. കോളജുകളിൽ നിന്ന് പ്രീ ഡിഗ്രി പൂർണമായി വേർപെടുത്തി ഹയർ സെക്കൻഡറിയായി സ്‌കൂളുകളിലേക്ക് പരിമിതപ്പെടുത്തിയത് മുതൽ അവഗണന ദൃശ്യമാകും. അന്ന് പത്താം ക്ലാസിൽ പരീക്ഷയെഴുതി വിജയിച്ചിരുന്ന കുട്ടികൾക്ക് ആനുപാതികമായി പ്ലസ് വൺ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റു പല പരിഗണനകളുമായാണ് ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചത്. പൊതുവേ മലബാറിൽ ഗവൺമെന്റ് /എയ്ഡഡ് മേഖലയിൽ ഹൈസ്‌കൂളുകൾ കുറവായിരുന്നിട്ടു പോലും ആവശ്യമായ വിദ്യാലയങ്ങളിൽ പ്ലസ് വൺ അനുവദിച്ചില്ല.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ആനുപാതികമായി ബാച്ചുകൾ ചോദിച്ചു വാങ്ങാൻ ജനപ്രതിനിധികൾ ഉത്സാഹിച്ചതുമില്ല. വിജയശതമാനം കുറവായതിനാൽ ആദ്യകാലങ്ങളിൽ ഈ സീറ്റുക്ഷാമം മലബാറിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയതുമില്ല. വിജയശതമാനം ഓരോ വർഷവും ഉയർന്നതോടെ പ്രതിസന്ധിയും രൂക്ഷമായി. ഒടുവിലത്, അര ലക്ഷത്തിലേറെ വിദ്യാർഥികൾ ഓരോ വർഷവും സീറ്റില്ലാതെ പുറത്തുനിൽക്കേണ്ടിടത്തേക്കെത്തി. തെക്കൻ ജില്ലകളിലെ സംവിധാനങ്ങളെ കുറ്റപ്പെടുത്തുകയോ അവരെന്തോ അനർഹമായി പിടിച്ചു വാങ്ങുന്നുവെന്ന് ആരോപിക്കുകയോ അല്ല. മറിച്ച് മലബാറിന്റെ അവസ്ഥ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്.

ശാശ്വത പരിഹാരം വേണം
മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യം മുഴക്കി എസ് എസ് എഫിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തെരുവിലിറങ്ങുകയാണ്. ശാശ്വത പരിഹാരമാണ് മലബാറിനാവശ്യം. ഓരോ വർഷവും പത്തോ ഇരുപതോ ശതമാനം സീറ്റുകൾ വർധിപ്പിക്കുന്ന നാടകം പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ വർധനവ് മൂലം, കാൽ ലക്ഷം സീറ്റുകൾ ആവശ്യമുള്ള മലപ്പുറം ജില്ലക്ക് ലഭിക്കുക എട്ടായിരത്തോളം സീറ്റുകളാണ്.

ഒരധ്യയന വർഷം കഴിയുമ്പോൾ ഈ താത്കാലിക വർധനവിന്റെ പ്രാബല്യം സ്വയം റദ്ദാകുകയും ചെയ്യും. ഇതിനി ആവർത്തിക്കാൻ സമ്മതിക്കില്ല. മലബാർ മേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂടം ഈ അത്യാവശ്യങ്ങളെങ്കിലും അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രത്യാശിക്കുകയാണ്.

1. ഒഴിഞ്ഞുകിടക്കുന്ന തെക്കൻ ജില്ലകളിലെ ബാച്ചുകൾ സ്ഥിരമായി മലബാറിലേക്ക് മാറ്റുക. 2. പ്ലസ് ടു അനുവദിച്ചിട്ടില്ലാത്ത ഈ ജില്ലകളിലെ ഗവൺമെന്റ് ഹൈസ്‌കൂളുകളിൽ പ്ലസ് ടു അനുവദിക്കുക. 3. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആവശ്യാനുസരണം അഡീഷനൽ ബാച്ചുകൾ അനുവദിക്കുക 4. മലബാറിലെ ജില്ലകളിൽ ആനുപാതികമായ ഡിഗ്രി സീറ്റുകളും കോഴ്‌സുകളും അനുവദിക്കുക. അവഗണനയുടെ ചരിത്രം വകഞ്ഞു മാറ്റാൻ വിദ്യാർഥികൾ സമരസജ്ജരായിരിക്കുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലാ കലക്ടറേറ്റുകളിലേക്ക് ജൂൺ 15ന് മാർച്ച് നടത്തും. ഭരണകൂടത്തിന്റെ ഔദാര്യം തേടിയുള്ള യാചനക്കല്ല, കാലങ്ങളായി നിഷേധിച്ചുവെച്ചിട്ടുള്ള അവകാശങ്ങൾ ചോദിച്ചുവാങ്ങാനാണ് വിദ്യാർഥികളിറങ്ങുന്നത്.