Connect with us

National

ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കാന്‍ പദ്ധതിയുമായി ഐ എസ് ആര്‍ ഒ

Published

|

Last Updated

ന്യൂഡല്‍ഹി: ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ). 2022ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ മിഷന്റെ തുടര്‍ച്ചയായ പദ്ധതിയാണ് ഇതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച ശേഷവും ഗഗന്‍യാന്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകും. ഇന്ത്യയുടെതായ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുകയാകും ഞങ്ങളുടെ അടുത്ത ദൗത്യം. ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കി അഞ്ചോ ഏഴോ വര്‍ഷത്തിനകമാണ് നിലയം സ്ഥാപിക്കുക- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭ്രമണപഥത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ 20 ടണ്‍ ഭാരമുള്ള നിലയം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 മുതല്‍ 20 ദിവസം വരെ ഇവിടെ ഗവേഷകര്‍ക്ക് താമസിക്കാന്‍ സാധിക്കും.

അതിനിടെ, 2022ല്‍ രാഷ്ട്രം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചതായി കേന്ദ്ര ആണവോര്‍ജ-ബഹിരാകാശ സഹ മന്ത്രി ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തി. ദൗത്യം നിരീക്ഷിക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനും ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സില്‍ എന്ന പേരില്‍ പ്രത്യേക സെല്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ പോര്‍ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകും. ഇന്ത്യന്‍ ഗവേഷകര്‍ തന്നെയാണ് ഇതിനുള്ള പരിശീലനം നല്‍കുക. 10000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍-2 ജൂലൈ 15നു വിക്ഷേപിക്കും. ചാന്ദ്രയാന്‍-1ന്റെ വിപുലീകൃത രൂപമാണിത്. സെപ്തംബര്‍ ആറിനോ ഏഴിനോ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലേക്കുള്ള വിക്ഷേപണമെന്ന് ശിവന്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം.