സാമ്പത്തിക സംവരണം; സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രം

Posted on: June 13, 2019 8:56 am | Last updated: June 13, 2019 at 12:59 pm


തിരുവനന്തപുരം: സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ മെഡിക്കൽ കോളജുകൾക്കൊപ്പം സ്വാശ്രയ കോളജുകളിലും പത്ത് ശതമാനം സീറ്റ് വർധന. വിവാദമായതോടെ ഉത്തരവ് തിരുത്തിയ ആരോഗ്യവകുപ്പ് സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ മെഡിക്കൽ കോളജുകൾക്കൊപ്പമാണ് ന്യൂനപക്ഷ പദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും പത്ത് ശതമാനം എം ബി ബി എസ് സീറ്റ് വർധിപ്പിച്ച് ഉത്തരവ് ഇറക്കിയത്. എന്നാൽ, ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളജുകളെ സീറ്റ് വർധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മെഡിക്കൽ കൗൺസിൽ അംഗീകാരം റദ്ദാക്കിയ രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകളും സീറ്റ് വർധിപ്പിച്ചതിൽ ഉൾപ്പെട്ടിരുന്നു. ഇത് വിവാദമായതോടെ ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകൾക്കും സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കി.

എന്നാൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തേ ഇറക്കിയ സർക്കുലറിൽ സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമേ ബാധകമാകൂവെന്ന് വ്യക്തമാക്കിയിരുന്നത് ബോധ്യമായതോടെയാണ് ആദ്യത്തെ രണ്ട് ഉത്തരവുകളും പിൻവലിച്ച് സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. നേരത്തേ ഈ നിർദേശം ശ്രദ്ധയിൽപ്പെടാതെയാണ് ആദ്യ രണ്ട് ഉത്തരവുകളും ഇറക്കിയിരുന്നത്.

അതേസമയം സർക്കാർ നടപടികളിൽ പരാതി ഉണ്ടെങ്കിൽ സ്വാശ്രയ കോളജുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കാമെന്ന് സ്വാശ്രയ കോളജ് അധികൃതരെ സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സീറ്റുകളുടെ എണ്ണം 10 ശതമാനം വർധിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയിരുന്നത്.

ഇക്കൂട്ടത്തിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ് ആർ കോളജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളജിനും അനുമതി നൽകിയിരുന്നു. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളജുകൾ വലിയ പ്രതിഷേധമുന്നയിച്ചതോടെയാണ് ഉത്തരവ് ഇന്നലെ തിരുത്തിയത്. എന്നാൽ ഈ രണ്ട് ഉത്തരവുകളും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ബോധ്യമായതോടെയാണ് ഇവ രണ്ടും പിൻവലിച്ച് സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയത്.