Connect with us

Malappuram

മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇന്ന് രാവിലെ അറബിക്കടലിൽ കാറ്റിന്റെ വേഗത 170 കി.മീ വരെയാകാൻ സാധ്യതയുണ്ട്. പിന്നീടുള്ള മണിക്കൂറുകളിൽ വേഗത ക്രമേണ കുറയാനാണ് സാധ്യത.

കേരളാ തീരത്ത് പൊഴിയൂർ മുതൽ കാസർകോട് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ലക്ഷദ്വീപ്, കർണാടക തീരങ്ങളിലും സമാന രീതിയിൽ ശക്തമായ തിരമാലകളുണ്ടാകും. കേരള തീരത്ത് കടലാക്രമണം ശക്തമാകുകയും ചെയ്യും. കേരളം, കർണാടക, മഹാരാഷ്ട്ര തീരക്കടൽ, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ അറബിക്കടൽ പ്രക്ഷുബ്ധമാകും.

മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ അനുസരിച്ച് വടകരയിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

ഇവിടെ 10 സെന്റീ മീറ്ററും, തൃശൂർ ഏനാമക്കലിൽ ഒന്പത് സെന്റീ മീറ്ററും മഴ ലഭിച്ചു. കരിപ്പൂർ എയർപോർട്ട്, പറമ്പിക്കുളം, കൊയിലാണ്ടി,ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അഞ്ച് സെന്റീ മീറ്ററും മഴ ലഭിച്ചു. അതേസമയം, അറബിക്കടലിൽ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.

ഇന്ന് പുലർച്ചെ വായു തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. വായു ചുഴലിക്കാറ്റ് അതിതീവ്ര രൂപം പ്രാപിച്ച് മണിക്കൂറിൽ 180 കി.മീ വരെ വേഗതയിൽ ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.