Connect with us

National

തളരാതെ പറക്കാന്‍ കിവികള്‍; ചിറകരിയാന്‍ ഉറച്ച് ഇന്ത്യ- പക്ഷേ മഴ കനിയണം

Published

|

Last Updated

നോട്ടിങ്ങാം: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് കുതിക്കുന്ന ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് വലിയ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും നോട്ടിങ്ങാമില്‍ എത്തിയിരിക്കുന്നത്.

ന്യൂസിലന്‍ഡാകട്ടെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഫൈനലിന് മുന്നെ മറ്റൊരു വീറുറ്റ ഒരു പോരാട്ടമായാണ് ക്രിക്കറ്റ് പ്രേമികള്‍ ഇന്നത്തെ മത്സരത്തെ കാണുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷളും നോട്ടിങ്ങാമിലെ തോരാത്ത മഴയില്‍ ഒലിച്ചുപോകാനാണ് സാധ്യത. മഴ പെയ്തുകൊണ്ടിരിക്കുന്ന നോട്ടിങ്ങാമില്‍ മത്സരം നടക്കുമോ എന്ന് ഒരു ഉറപ്പുമില്ല.

വൈകീട്ട് മൂന്നുമണി മുതല്‍ നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം നടക്കേണ്ടത്. മഴകാരണം, ബുധനാഴ്ചയും പരിശീലനം കാര്യമായി നടന്നില്ല. ന്യൂസീലന്‍ഡ് ടീം ഇന്‍ഡോറില്‍ അല്‍പനേരം പരിശീലിച്ചു. ഇന്ന് മഴ പെയ്യാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഇതിനകം മൂന്നു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചുകഴിഞ്ഞു.

ഇക്കുറി ലോകകപ്പില്‍ തോല്‍വിയറിയാത്ത രണ്ടു ടീമുകളേയുള്ളൂ. ഇന്ത്യയും ന്യൂസീലന്‍ഡും. ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനും തുടര്‍ന്ന് ആസ്‌ത്രേലിയയെ 36 റണ്‍സിനും തോല്‍പ്പിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് വരുന്നത്.

Latest