തീവ്രരൂപംപൂണ്ട ‘വായു’  ദിശമാറി വീശുന്നു; ഗുജറാത്തിനും രാജ്യത്തിനും ആശ്വാസം

Posted on: June 13, 2019 9:25 am | Last updated: June 13, 2019 at 6:56 pm

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘വായു’ കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ചുഴലിക്കാറ്റിന്റെ ദിശ മാറിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരം തൊടാതെ വടക്ക്പടിഞ്ഞാറ് ദിശയില്‍ ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദ്വാരകക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പുതിയ പ്രവചനം.

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയ്ക്ക് സമാന്തരമായി മണിക്കൂറില്‍ 180 കിമീ വേഗതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വായു ചുഴലിക്കാറ്റ് കടന്നു പോകും. അതേ സമയം തീരത്തിന് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരപഥം എന്നതിനാല്‍ ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരുകയാണ്.

കലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷത്തോളം ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഗൂജറാത്തിലെ വിവിധ തീരദേശ ജില്ലകളിലെ 408 വില്ലേജുകളിലായി 60 ലക്ഷത്തോളം ആളുകള്‍ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലയില്‍ വരുമെന്നായിരുന്നു നേരത്തെ  മുന്നറിയിപ്പ്.

ദേശീയ ദുരന്ത നിവാരണ സേനയിലെ 2250 പേരടങ്ങുന്ന സംഘത്തെയും കരസേനയിലെ 700 പേരെയും ഒരുക്കിനിര്‍ത്തി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം ഒരുങ്ങിയിട്ടുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിന് വേണ്ടിവന്നാല്‍ ചികിത്സക്കും മറ്റും ഉപയോഗിക്കുന്നതിനായി വ്യോമസേനയുടെ മുംബൈയിലെ അശ്വിനി ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. എഴുപതോളം ട്രെയിനുകള്‍ റദ്ദാക്കി. എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് നടത്താനുള്ള ട്രെയിനുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വായു ചുഴലിക്കാറ്റില്‍ ആദ്യത്തെ മരണം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ അതിശക്തമായി വീശിയ കാറ്റില്‍ ഹോര്‍ഡിങ് തകര്‍ന്ന് വീണാണ് 62കാരനായ ഒരാളാണ് മരിച്ചത്. മധുകര്‍ നര്‍വേകര്‍ എന്ന കാല്‍നട യാത്രികനാണ് മരിച്ചത്.

ഇദ്ദേഹം ചര്‍ച്ച് ഗേറ്റ് റെയില്‍വെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോള്‍ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ മ്യൂറല്‍ പെയിന്റിങിന്റെ ക്ലാഡിങ് താഴേക്ക് പതിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എല്ലാവരോടും സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കണമെന്നും കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുജറാത്തിനെ കൂടാതെ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്. ഇവിടങ്ങളില്‍ കനത്ത മഴ പെയ്യുമ്പോള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ നിന്നെന്നെല്ലാം ടൂറിസ്റ്റുകളെ ഒഴുപ്പിച്ചിട്ടുണ്ട്.