ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി: ഏഴ് കലക്ടര്‍മാര്‍ക്ക് മാറ്റം

Posted on: June 12, 2019 9:23 pm | Last updated: June 13, 2019 at 10:40 am

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിശ്ചയിച്ച് മന്ത്രിസഭാ തീരുമാനം. ഏഴ് ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റി നിയമിച്ചത്. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി എസ് യു) സെക്രട്ടറിയായാണ് പുതുതായി നിയമിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബേങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് ആന്‍ഡ് സ്‌റ്റേഷനറി എന്നിവയുടെ ചുമതല കൂടി നല്‍കും. കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്ക് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി എ ലതയെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ യു വി ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ് ജി എസ് ടി വകുപ്പ് അഡീഷനല്‍ കമ്മീഷണറായി മാറ്റി നിയമിച്ചു. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കും. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്‌റുടെ ചുമതല കൂടി അദ്ദേഹം വഹിക്കും. പത്തനംതിട്ട ജില്ല കലക്ടര്‍ പി.ബി. നൂഹിനെ തിരുവനന്തപുരം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദീല അബ്ദുല്ലയെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ കലക്ടര്‍ എസ് സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. ഹൗസിംഗ് കമ്മീഷണര്‍ ബി അബ്ദുന്നാസര്‍ കൊല്ലം ജില്ലാ കലക്ടറാകും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ ഗോപാലകൃഷ്ണനെ പത്തനംതിട്ട ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. ഐ ആന്‍ഡ് പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷിനെ കണ്ണൂര്‍ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.