വെളിച്ചം പകരുന്ന വിധി

Posted on: June 12, 2019 3:30 pm | Last updated: June 12, 2019 at 3:30 pm

വര്‍ഗീയതയും വംശീയതയും ഉള്ളിലുറഞ്ഞു കൂടിയ മുഴുവന്‍ നരാധമന്‍മാര്‍ക്കുമെതിരായ വിധിയാണ് പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് നിഷ്ഠൂരമായി കൊന്നവരില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാവുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായിട്ടും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാതിരുന്നത് നിരാശാജനകമാണ്. ദേശീയ വനിതാ കമ്മീഷന്‍ അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോഴും, വേഗത്തില്‍ വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നതും ജീവപര്യന്തം വിധിച്ചുവെന്നതും നീതിയുടെ കനല്‍ അണഞ്ഞിട്ടില്ലെന്ന ആശ്വാസം പകരുന്നതാണ്. കേസ് അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങള്‍ അതിശക്തരുടെ ഭാഗത്ത് നിന്നുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് കോടതിക്ക് മുമ്പാകെ തെളിവുകളും സാക്ഷികളും എത്തിയെന്നതും പക്ഷപാതരഹിതമായ വിധി പുറപ്പെടുവിക്കാന്‍ നീതിപീഠം തയ്യാറായി എന്നതും രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയേറ്റുന്നുണ്ട്. മുഖ്യപ്രതി ഗ്രാമത്തലവനായ സാഞ്ജി റാം, ഇയാളുടെ ബന്ധുവിന്റെ സുഹൃത്ത് പര്‍വേശ് കുമാര്‍, പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്ര വര്‍മ എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവ്. രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. കേസിലെ എട്ട് പ്രതികളില്‍ പ്രായപൂര്‍ത്തി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരാളുടെ വിചാരണ അനിശ്ചിതത്വത്തിലാണ്. ഏഴാം പ്രതിയും സാഞ്ജി റാമിന്റെ മകനുമായ വിശാല്‍ ജാംഗോത്രയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന്‍ തയ്യാറെടുക്കുന്നുവെന്നതും സ്വാഗതാര്‍ഹമാണ്.

2018 ജനുവരി പത്തിന് കത്വ ഗ്രാമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞ് സമീപത്തെ ക്ഷേത്രത്തില്‍ കണ്ടെത്തുകയായിരുന്നു. എട്ട് വയസ്സുകാരിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തിനുള്ളില്‍ അടച്ചിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്, മനുഷ്യ മനസ്സിന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതകള്‍ കാട്ടാന്‍ പാകത്തിലേക്ക് ഹിന്ദുത്വ വര്‍ഗീയത എത്തിയിരിക്കുന്നുവെന്നാണ് രാജ്യത്തോട് പറഞ്ഞത്. നാടോടികളായ ബഖര്‍വാല്‍ വിഭാഗത്തില്‍പ്പെടുന്ന 20 മുസ്‌ലിം കുടുംബങ്ങള്‍, ബ്രാഹ്മണര്‍ക്ക് സ്വാധീനമുള്ള രസാന പ്രദേശത്ത്, ഭൂമി വാങ്ങി സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതാണ് ഈ കുഞ്ഞിനോട് നൃശംസത കാട്ടാനും ജീവനെടുക്കാനും വര്‍ഗീയവാദികളെ പ്രേരിപ്പിച്ചത്.
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ്സ് പിന്നിട്ട സാഞ്ജി റാമാണ് തട്ടിക്കൊണ്ടുപോകലും കൊലയും ആസൂത്രണം ചെയ്തത്. അതിന് മരുമകന്‍, മകന്‍, പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തിന്റെ ദേവസ്ഥാനത്ത് ഒളിപ്പിച്ച ഇവര്‍, ഒരാഴ്ചയോളം മയക്കാനുള്ള മരുന്ന് മാത്രമാണ് നല്‍കിയത്. അവശ നിലയിലായ കുഞ്ഞിനെയാണ് പിന്നീട് കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുന്നതും കഴുത്ത് ഞെരിച്ച് കൊല്ലുന്നതും. കഴുത്തു ഞെരിച്ച് കൊന്ന ശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലക്കിടിച്ചു. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതി അന്വേഷിക്കുന്ന സംഘത്തില്‍ തട്ടിക്കൊണ്ടു പോകലും കൊലയും ആസൂത്രണം ചെയ്ത പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. സാഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്തിയ പോലീസ് കേസ് അവിടെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിഷേധങ്ങളുയര്‍ന്നത്. സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക ദീപിക സിംഗ് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവുണ്ടായി. ക്രൈം ബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയും സംഘവുമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കൊടും ക്രൂരതയും അതിന്റെ ഉദ്ദേശ്യവും പുറം ലോകമറിഞ്ഞത് അതോടെയാണ്.

കേസ് അട്ടിമറിക്കാന്‍ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ അതിനെതിരെ സംഘടിതമായി രംഗത്തുവന്നു വര്‍ഗീയവാദികള്‍. ആരോപണവിധേയരെ പിന്തുണച്ച് അവര്‍ പ്രകടനങ്ങള്‍ നടത്തി, ദേശീയ പതാകയുമേന്തിയായിരുന്നു പ്രകടനം. പ്രകടനങ്ങള്‍ നടത്തിയ ഹിന്ദു ഏക്താ മഞ്ചിന് നേതൃത്വവും പിന്തുണയുമായി അന്നത്തെ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ ബി ജെ പി അംഗങ്ങളായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയുമുണ്ടായിരുന്നു. നരാധമന്‍മാരെ പിന്തുണക്കാന്‍ മന്ത്രിമാര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല.

കത്വ സംഭവം നിരവധി തലങ്ങളിലുള്ള വിശകലനം അര്‍ഹിക്കുന്നുണ്ട്. ആദ്യത്തേത് കാമാര്‍ത്തി തന്നെയാണ്. ഹിന്ദുത്വ ഫാസിസത്തിന്റെ, ഒരു വേള എല്ലാ അക്രമ പ്രത്യയ ശാസ്ത്രങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് ബലാത്സംഗം. ആട്ടിയോടിക്കലിന്റെ തലമാണ് ഏറെ ശ്രദ്ധിക്കേണ്ട മറ്റൊന്ന്. തങ്ങളുടെ പ്രദേശങ്ങളില്‍ താമസിക്കുന്ന/താമസിക്കാന്‍ ഒരുങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പുറംതള്ളേണ്ടത് രാജ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ കര്‍ത്തവ്യമായി മാറണമെന്നാണ് ചില സംഘ് സംഘടനകളുടെ ആഹ്വാനം. കുറ്റവാളിയുടെ മതം നോക്കി നിലപാടെടുക്കുന്ന പ്രവണത പോലീസിലും അഭിഭാഷക സംഘടനയിലും മന്ത്രിമാരില്‍ പോലും ശക്തമാകുന്നുവെന്നതും കത്വയുടെ അനുഭവത്തില്‍ നിന്ന് വ്യക്തമാണ്. ഇത്തരം തീവ്ര വലതുപക്ഷ യുക്തികള്‍ കൂടുതല്‍ രാഷ്ട്രീയ ശക്തി കൈവരിച്ച ഈ ഘട്ടത്തില്‍ കത്വയിലെ പ്രതികള്‍ക്ക് കോടതി മുറിയില്‍ ശിക്ഷ കിട്ടിയത് കൊണ്ട് മാത്രം ജാഗ്രത പൂര്‍ത്തിയാകില്ല. എല്ലാതരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുകയെന്ന പൗരധര്‍മം കൂടി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഒപ്പം കത്വയിലെ ആ കുടുംബത്തിന് കൈത്താങ്ങാകാന്‍ സമൂഹം മുന്നോട്ട് വരികയും വേണം. ഇക്കാര്യത്തില്‍ മര്‍കുസുസ്സഖാഫത്തി സുന്നിയ്യ നടത്തുന്ന ഇടപെടലുകള്‍ സ്തുത്യര്‍ഹമാണ്.