സാമ്പത്തിക പ്രതിസന്ധി രൂക്ഷം;പൗരന്‍മാര്‍ സ്വത്ത് വിവരം വെളിപ്പെടുത്താണം: പാക്ക് പ്രധാനമന്ത്രി

Posted on: June 11, 2019 5:21 pm | Last updated: June 11, 2019 at 7:43 pm

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജൂണ്‍ 30 ന് മുന്‍പ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണു നിര്‍ദേശം. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.

ബെനാമി സ്വത്തുക്കള്‍, ബെനാമി അക്കൗണ്ടുകള്‍, വിദേശരാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയവ ജൂണ്‍ 30 ന് മുന്‍പ് വെളിപ്പെടുത്തണം. ബെനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സിയുടെ പക്കല്‍ ഉണ്ടെന്നും ജൂണ്‍ 30 ന് ശേഷം ആര്‍ക്കും അവസരം നല്‍കില്ലെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. നികുതി അടച്ചില്ലെങ്കില്‍ രാജ്യത്തിനു മുന്നോട്ടു പോകാനാകില്ല. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൊതുകടം 2.85 ലക്ഷം കോടിയില്‍ നിന്നു 14.25 കോടിയായി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഒഴികെ പാക്കിസ്ഥാനിലുള്ള ബെനാമി സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ നാല് ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണക്കില്‍ പെട്ട സ്വത്തുക്കളായി മാറ്റാം.