Connect with us

National

കടുത്ത ചൂട് താങ്ങാനാകാതെ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന നാല് പേര്‍ മരിച്ചു

Published

|

Last Updated

ഝാന്‍സി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിലെ യാത്രക്കാരായ നാല് പേര്‍ കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ഝാന്‍സിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന സംഘത്തിനാണ് ദാരുണാന്ത്യമുണ്ടായത്.

തമിഴ്‌നാട് സ്വദേശികളായ ബുന്ദൂര്‍ പളനിസ്വാമി (80), ബാല്‍ കൃഷ്ണ രാമസ്വാമി (69), ചിന്നാരെ (71), ദിവ നായ് (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന 68 അംഗ സംഘത്തില്‍ പെട്ടവരാണ് മരിച്ച നാല് പേരും. സ്ലീപ്പർ കോച്ചിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.

കേരള എക്‌സ്പ്രസ് ആഗ്ര സ്‌റ്റേഷന്‍ വിട്ടപ്പോള്‍ ഇവര്‍ക്ക് ശ്വാസതടസ്സവം അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ട്രയിന്‍ ഝാന്‍സിയില്‍ എത്തിയപ്പോഴേക്കും നാല് പേരും മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട് ചെയ്യുന്നതിനായി ഝാന്‍സിയിലെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത ചൂട് സഹിക്കാന്‍ വയ്യാതെ നിര്‍ജലീകരണം സംഭവിച്ചതാണ് മരണ കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്.

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസില്‍ വരെ എത്തിയിരുന്നു. അത്യുഷ്ണത്തെ തുടർന്ന് ഏഴാം തീയതി ഗാസിപുര്‍ സ്വദേശി രാജേഷ് ഗുപ്തയെ ഖുശിനഗര്‍ എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 1-ന് സീതയെന്ന പെണ്‍കുട്ടിയെ യുപി ജന്‍സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിലും മരിച്ചനിലയില്‍ കണ്ടിരുന്നു.