‘ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്’: സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

Posted on: June 11, 2019 2:23 pm | Last updated: June 11, 2019 at 6:36 pm

മലപ്പുറം: അഴിമതിയാരോപണങ്ങളുടെ പശ്്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകലിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മലപ്പുറത്തെ ഹയര്‍സെക്കന്ററി ഉപഡയറക്ടറുടെ ഓഫീസില്‍ നിന്ന് കണക്കില്‍പെടാത്ത ഒരു ലക്ഷം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ജുനിയര്‍ സൂപ്രണ്ട് ശ്രീകുമാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും സ്‌കൂളുകളിലെ പിടിഎ കമ്മിറ്റികളും ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണ പിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ് ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരില്‍ പരിശോധന നടത്തുന്നത്. .ഉയര്‍ന്ന വിജയശതമാനവും ഗുണ നിലവാരവും പുലര്‍ത്തുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മന്റെുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി പിടിഎ ഫണ്ട് ,ബില്‍ഡിംഗ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

എയ്ഡഡ് സ്‌കൂളിലെ അധ്യാപക, അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടതുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണന ക്രമം തെറ്റിച്ച് അംഗീകാരം നല്‍കുന്നതായും വിജിലന്‍സിന്അ വിവരം ലഭിച്ചിരുന്നു.അഴിമതി നടത്തണമെന്ന ലക്ഷ്യത്തോട് കൂടി റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകളില്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുക, നിയമന അംഗീകാരത്തിനായി വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസ് അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആവശ്യപ്പെടുക തുടങ്ങിയ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.