ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കലാകാരൻ

Posted on: June 11, 2019 8:44 am | Last updated: June 11, 2019 at 12:46 pm

ഞാനും നക്‌സൽ എന്ന മുദ്രാവാക്യം പതിച്ച പ്ലക്കാർഡ് കഴുത്തിലണിഞ്ഞ് പ്രതിഷേധിക്കുന്ന ഗിരീഷ് കർണാട് പ്രകാശ് രാജിനൊപ്പം (ഫയൽ ചിത്രം).
ബെംഗളൂരു: ഗിരീഷ് കർണാടിന്റെ അന്ത്യത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത് ഇന്ത്യൻ നാടക-ചലച്ചിത്ര രംഗത്തെ അതികായനെയാണ്. പുതിയ കാലത്തെ കലാകാരൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഗിരീഷ് കർണാട് എന്ന് പറയുന്നതായിരിക്കും ശരി. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ്, എം എം കൽബുർഗി എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭ സമരങ്ങളിലെല്ലാം ജീവിതത്തിലെ വിഷമതകളെ അതിജീവിച്ച് അദ്ദേഹം ആദ്യാവസാനം സജീവമായ സാന്നിധ്യമായിരുന്നു.

ബെംഗളൂരുവിൽ സംഘടിപ്പിച്ച ഗൗരി ലങ്കേഷ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കവെ “ഞാനും അർബൻ നക്‌സലാണ്’ എന്ന പ്ലക്കാർഡ് കഴുത്തലണിഞ്ഞതിന്റെ പേരിൽ ഗിരീഷ് കർണാടിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമുണ്ടായി. കഴിഞ്ഞ മോദി സർക്കാറിന്റെ കാലത്ത് മനുഷ്യാവകാശപ്രവർത്തകരെ അർബൻ നക്‌സൽ എന്ന് പറഞ്ഞ് തുറങ്കിലിലടച്ചപ്പോഴാണ് ഞാനും അർബൻ നക്‌സൽ എന്ന മുദ്രാവാക്യം പ്ലക്കാർഡിൽ എഴുതി നെഞ്ചോട് ചേർത്ത് പിടിച്ച് അദ്ദേഹം പ്രതിഷേധിച്ചത്. ഹിന്ദുത്വവാദികളെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു എഴുത്തുകാരായ നരേന്ദ്ര ധബോൽക്കറേയും ഗോവിന്ദ് പൻസാരയേയും പ്രൊഫ. എം എം കൽബുർഗിയേയും ഗൗരി ലങ്കേഷിനേയും വെടിവെച്ചു കൊന്നത്. ഇവരെ കൊന്നുതള്ളിയ തീവ്രഹിന്ദുത്വസംഘടനകൾ ഗിരീഷ് കർണാടിനേയും ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. രാജ്യത്തെ പുരോഗമന വാദികളായ 24 പേരെ കൊലപ്പെടുത്താൻ തയ്യാറാക്കിയവരുടെ ലിസ്റ്റിൽ ഗിരീഷ് കർണാടും ഉണ്ടായിരുന്നു.

ജീവിതത്തിന്റെ അവസാനകാലത്ത് കർണാട് നടത്തിയ ചില പരാമർശങ്ങൾ കർണാടകയിലെ രാഷ്ട്രീയ- സാമൂഹികമേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. കെംബഗൗഡയുടെ പേരിലുള്ള ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേരിടണമെന്ന് പറഞ്ഞതിന്റെ പേരിൽ കർണാടിന് നേരെ വധഭീഷണി ഉയർന്നിരുന്നു. ബി ജെ പി യുടേയും വി എച്ച് പി അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടേയും എതിർപ്പ് അവഗണിച്ച് സർക്കാർ സംഘടിപ്പിച്ച ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിലായിരുന്നു കർണാട് ഈ ആവശ്യമുന്നയിച്ചത്. മുസ്‌ലിം രാജാക്കൻമാരേയും ഭരണാധികാരികളേയും ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സിംഹഗർജനമായിരുന്നു കർണാടിന്റെ രചനകൾ.
മുസ്‌ലിംവിരുദ്ധ നിലപാട് സ്വീകരിച്ച് കുപ്രസിദ്ധനായ എഴുത്തുകാരൻ കൂടിയായ വി എസ് നയ്‌പോളിന് മുംബൈ ലിറ്റററി ഫെസ്റ്റിവൽ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്അവാർഡ് നൽകിയപ്പോൾ ആ സമ്മേളനത്തിൽ വെച്ച് തന്നെ ഇത് സ്വീകരിക്കാനുള്ള നയ്‌പോളിന്റെ യോഗ്യതയെ കർണാട് ചോദ്യം ചെയ്തത് ശ്രദ്ധ പിടിച്ചുപറ്റി. 2014 ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വന്നപ്പോൾ, അത്തരമൊരു ഇന്ത്യയിൽ ജീവിക്കാൻ തനിക്കിഷ്ടമില്ല എന്ന് യു ആർ അനന്തമൂർത്തിയോടൊപ്പം കർണാടും പ്രഖ്യാപിച്ചു.

അന്ന് അദ്ദേഹത്തെ ഹിന്ദുത്വ വർഗീയവാദികൾ ഭീഷണിപ്പെടുത്തി. പിന്നീട് പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ കർണാട് നിർബന്ധിതനാകുകയായിരുന്നു.
ടിപ്പു സുൽത്താന്റെ സ്വപ്‌നങ്ങൾ എന്ന പേരിലുള്ള നാടകത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം. ടിപ്പു സുൽത്താനേയും ഹൈദരാലിയേയുമൊക്കെയായിരുന്നു കർണാട് പഠന വിഷയമാക്കിയിരുന്നത്. ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോർത്തിണക്കി സംവദിക്കുന്നതാണ് ഗിരീഷ് കർണാടിന്റെ രചനാ ശൈലി. ഇന്ത്യൻ നാടക പ്രസ്ഥാനത്തിലും സാഹിത്യ മണ്ഡലത്തിലും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ആഘാതം ചെറുതല്ല. ഇന്ത്യൻ സാമൂഹിക-സാംസ്‌കാരിക മേഖലയിൽ നിലക്കാത്ത ശബ്ദമായിരുന്നു ഗിരീഷ് കർണാടിന്റേത്. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിന് യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണ് ഗിരീഷിനെ ശ്രദ്ധേയനാക്കിയത്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഏഴ് കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാട്.

1938ൽ മഹാരാഷ്ട്രയിലെ മഥീരനിലാണ് ജനിച്ചതെങ്കിലും ഗിരീഷ് കർണാട് വളർന്നതും പഠിച്ചതുമെല്ലാം കർണാടകയിലായിരുന്നു. കലയിലൂടെ ഏകാധിപത്യ ഭരണത്തെ ചോദ്യം ചെയ്യാനാകുമെന്ന് അദ്ദേഹം തെളിയിച്ചു. രോഗാതുരമായ അവസ്ഥയിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം ശബ്ദിച്ചുകൊണ്ടേയിരുന്നു.