അഴിമതി, ലൈംഗികാരോപണം; ധനമന്ത്രാലയത്തിലെ 12 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

Posted on: June 11, 2019 10:03 am | Last updated: June 11, 2019 at 12:38 pm

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ ശുദ്ധികലശം തുടങ്ങി. ലൈംഗിക, അഴിമതി ആരോപണങ്ങള്‍ നേരിട്ട 12 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കികൊണ്ടുള്ള സര്‍ക്കുലര്‍ കേന്ദ്രം പുറത്തിറക്കി. ഇന്ത്യന്‍ റെവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

നിര്‍ബന്ധിത വിരമിക്കലിന് വിധേയരായവരില്‍ ഏഴ് ഫേര്‍ കമ്മീഷണര്‍മാരാണ്. ഒരു ജോയിന്റ് കമ്മീഷണര്‍, മൂന്ന് അഡീഷണല്‍ കമ്മീഷണര്‍, ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരും ലിസ്റ്റിലുണ്ട്. ഇന്‍കംടാക്‌സ് ജോ. കമ്മീഷണര്‍ അശോക് കുമാര്‍ അഗര്‍വാള്‍, കമ്മീഷണര്‍മാരായ സഞ്ജയ്കുമാര്‍ ശ്രീവാസ്തവ, അലോക് കുമാര്‍ മിത്ര, അരുലപ്പ, അജോയ് കുമാര്‍ സിംഗ്, ബി രാജേന്ദ്രപ്രസാദ്, ഹോമി രാജവംസ്, സ്വേതബ് സുമന്‍, അഡീഷണല്‍ കമ്മീഷണര്‍ അന്ദാസു രവീന്ദര്‍, വിവേക് ബത്ര, ചന്ദര്‍ സെയ്ന്‍ ബാരതി, അസിസ്റ്റന്റ് കമ്മീഷണര്‍ രാംകുമാര്‍ ഭാഹഗവ എന്നിവര്‍ക്ക് എതിരെയാണ് നടപടി.

ഇവരില്‍ പലര്‍ക്കും കോടികളുടെ അനധികൃത സ്വത്തുക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരാള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് വിചാരണ നേരിടുന്നയാളാണ്. മറ്റൊരാള്‍ 1994 മുതല്‍ 2014 വരെ സസ്‌പെന്‍ഷനിലായിരന്നു.