Connect with us

National

കത്‌വ: നടപ്പിലായത് രാജ്യം കാത്തിരുന്ന നീതി -VIDEO

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചതിലൂടെ രാജ്യം കാത്തിരുന്ന നീതിയാണ് നടപ്പിലായത്. രാജ്യ മനസ്സാക്ഷിയെ നടുക്കുകയും മരവിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പഠാന്‍കോട്ട് സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞത്. കേസിലെ ഏഴു പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തവും മറ്റ് മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്.

2018 ജനുവരി പത്തിന് തട്ടിക്കൊണ്ടുപോയി ചെറിയൊരു ക്ഷേത്രത്തില്‍ തടവിലാക്കിയ ബാലികയെ പ്രതികള്‍ അഞ്ചു ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനു വിധേയയാക്കുകയും പിന്നീട്കൊലപ്പെടുത്തുകയുമായിരുന്നു. മേഖലയില്‍ നിന്ന് ന്യൂനപക്ഷ നാടോടി വിഭാഗത്തെ തുരത്തുകയെന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ബഖര്‍വാള്‍ സമുദായത്തില്‍ പെട്ട കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെയും കുറ്റകൃത്യത്തില്‍ അവര്‍ക്കുള്ള പങ്കിനെയും സംബന്ധിച്ച വിവരങ്ങള്‍:

1. സഞ്ജി റാം: കേസിലെ മുഖ്യ പ്രതി. റവന്യൂ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് 60 വയസ്സുകാരനായ ഇയാള്‍. തന്റെ സ്വദേശമായ രസന ഗ്രാമത്തില്‍ നിന്ന് ബഖര്‍വാള്‍ സമുദായത്തെ പുറന്തള്ളുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശം. കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ പ്രായപൂര്‍ത്തിയാകാത്തെ തന്റെ അനന്തരവനെ പ്രേരിപ്പിച്ചത് സഞ്ജി റാമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 376 ഡി (കൂട്ട ബലാത്സംഗം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സഞ്ജി റാമിനെ ശിക്ഷിച്ചത്.

2. ദീപക് കജൗരിയ: സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ഇയാളാണ് ബോര്‍ഡ് എക്‌സാമില്‍ പാസാകാന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ബാലികയെ തട്ടിക്കൊണ്ടുവരാന്‍ സഞ്ജി റാമിന്റെ അനന്തരവനെ നിര്‍ബന്ധിച്ചത്. സഞ്ജി റാമിനു മേല്‍ ചുമത്തിയ അതേ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെയും ശിക്ഷിച്ചത്.

3. മന്നു എന്ന പര്‍വേശ് കുമാര്‍: ബാലികയെ തട്ടിക്കൊണ്ടു വരാനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് സഞ്ജി റാമിന്റെ അനന്തരവനെ സഹായിച്ചയാള്‍. ജനുവരി പത്തിന് ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് മയക്കുമരുന്നു നല്‍കി മയക്കിയ ശേഷം കുട്ടിയെ വനത്തിലെത്തിച്ചത്. തുടര്‍ന്ന് ഇരുവരും കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂട്ടിയിടുകയും ചെയ്തു. ഇവിടെ വച്ചാണ് കുട്ടിയെ മറ്റുള്ളവര്‍ കൂടി ചേര്‍ന്ന് അഞ്ചു ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തത്. ഒന്ന്, രണ്ട് പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം തന്നെയാണ് ഇയാളെയും ശിക്ഷിച്ചത്.

4. ഷമ്മ എന്ന വിശാല്‍ ജംഗോത്ര: സഞ്ജി റാമിന്റെ മീറത്തില്‍ പഠിക്കുന്ന മകന്‍. വിശാലും കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

5. തിലക് രാജ്: അന്വേഷണം അട്ടിമറിക്കുന്നതിന് സഞ്ജി റാമിന്റെ സഹോദരി തൃപ്ത ദേവിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍. ധാമിയാലിലെ സ്വകാര്യ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവരാണ് തിലകും തൃപ്തയും.

6. ആനന്ദ് ദത്ത വര്‍മ: കുറ്റം മറച്ചുവെക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും രണ്ട് ഘട്ടങ്ങളിലായി തിലകില്‍ നിന്ന് നാലു ലക്ഷം രൂപ കൈപ്പറ്റിയ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍. മൊത്തം അഞ്ചു ലക്ഷമായിരുന്നു ഇവര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച കരാര്‍. വ്യാജ മൊഴികള്‍ നല്‍കാന്‍ സഞ്ജി റാമിന്റെ അനന്തരവനെ പഠിപ്പിച്ചതും ബാലികയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകി തെളിവുകള്‍ ഇല്ലാതാക്കി തരാമെന്ന് പറഞ്ഞതും ആനന്ദ് ദത്ത വര്‍മയായിരുന്നു.

7. സുരിന്ദര്‍ വര്‍മ: ബാലിക ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ക്ഷേത്രത്തിലെയും പരിസരത്തെയും ചുറ്റുപാടില്‍ മാറ്റം വരുത്താനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ച മറ്റൊരു പോലീസ് ഓഫീസര്‍.

Latest