മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ആറ് ആഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്

Posted on: June 10, 2019 1:18 pm | Last updated: June 10, 2019 at 7:46 pm

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് എറണാകുളം മരടില്‍ നിര്‍മിച്ച അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. തല്‍സ്ഥിതി ആറാഴ്ചത്തേക്ക് തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഫഌറ്റ് ഉടമകളുടെ പുനഃപരിശോധനാ ഹരജിയിലാണ് വിധി. ഹരജി ഫ് ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് കൈമാറി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സമയം നീട്ടിനല്‍കണമെന്ന ഉടമകളുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേ്‌ഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജയിന്‍ കോറല്‍കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ് ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ളാറ്റു
നിര്‍മാതാക്കള്‍ പുനപ്പരിശോധന ഹരജി ഫയല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് മരട് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു. ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കെ.എം.ബി.ആര്‍ റൂള്‍18 പ്രകാരമുള്ള ആദ്യനടപടി പ്രകാരമാണ് നാല് ഫളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ മരട് നഗരസഭ സെക്രട്ടറി നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു .കോടികള്‍ മുടക്കി വാങ്ങിയ ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ നഷ്ടം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.