രാജ്യതലസ്ഥാനത്തിന്റെ സുരക്ഷക്കായി അമേരിക്കന്‍ മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ

Posted on: June 10, 2019 10:53 am | Last updated: June 10, 2019 at 12:54 pm

ന്യൂഡല്‍ഹി: ഡ്രോണുകളുടേയും ബാലസ്റ്റിക് മിസൈലുകളുടേയും ആക്രമണത്തില്‍നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ സംരക്ഷിക്കുന്നതിനായി ഇന്ത്യ അമേരിക്കയില്‍നിന്നും മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങുന്നു. നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം -2 വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്. റഷ്യയുടേയും ഇസ്‌റാഈലിന്റേയും മിസൈല്‍ സംവിധാനത്തിനൊപ്പം ഇവയും തലസ്ഥാനത്തിന്റെ സുരക്ഷാ കവചമാകും.

ആറായിരം കോടി രൂപ ചിലവ് വരുന്ന ഈ സംവിധാനം ഇന്ത്യക്ക് കൈമാറാന്‍ അനുമതി അറിയിച്ച് അമേരിക്ക കത്തയച്ചതായി പ്രതിരോധ മന്ത്രാലയവ്യത്തങ്ങള്‍ പറഞ്ഞു. മിസൈല്‍ സംവിധാനം സ്ഥാപിക്കുന്ന സ്ഥലമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞിട്ടുണ്ട്. കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ രണ്ട് മുതല്‍ നാല് വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ സംവിധാനം ഡല്‍ഹിയില്‍ സ്ഥാപിക്കും. അംറാം മിസൈല്‍, ഭൂതല വ്യോമ മിസൈല്‍, വിമാനവേധ തോക്ക്, റഡാര്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയടങ്ങിയതാണ് മിസൈല്‍ സംവിധാനം.അതേ സമയം ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്, പാട്രിയറ്റ് അഡ്വാന്‍സ്ഡ് കാപബിലിറ്റി മിസൈല്‍ സംവിധാനം എന്നിവ വാങ്ങുന്നതിനും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്നും പ്രതിരോധ മന്ത്രാലയവ്യത്തങ്ങള്‍ പറയുന്നു. അതേ സമയം റഷ്യയുമായുള്ള 40,000 കോടി രൂപയുടെ കരാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രാലയവ്യങ്ങള്‍ പറഞ്ഞു.