നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കല്‍: കേരള കോണ്‍ഗ്രസിന് സ്പീക്കര്‍ കൂടുതല്‍ സാവകാശം നല്‍കും

Posted on: June 10, 2019 10:06 am | Last updated: June 10, 2019 at 12:54 pm

തിരുവനന്തപുരം: ആഭ്യന്തര കലഹം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ കൂടുതല്‍ സമയം അനുവദിക്കും. കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം തേടി റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഇതിന് പുറമെ ജോസഫ് വിഭാഗവും കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചത്. സ്പീക്കര്‍ പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. ജൂണ്‍ ഒമ്പതിന് മുമ്പ് കക്ഷി നേതാവിനെ തിരഞ്ഞെടുക്കണമെന്ന് സ്പീക്കര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ നടക്കുന്ന തര്‍ക്കത്തെത്തുടര്‍ന്ന് കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സാവകാശം ആവശ്യപ്പെട്ട സ്പീക്കര്‍ക്ക് കത്തയച്ചത്. 15 ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെങ്കിലും എത്ര ദിവസത്തെ സാവകാശമാണ് നല്‍കിയതെന്ന് വ്യക്തമല്ല.