മെഡി. കോളജിലെ സാമ്പത്തിക സംവരണം: തീരുമാനം ഇന്ന്

Posted on: June 10, 2019 8:54 am | Last updated: June 10, 2019 at 9:57 am

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ പത്ത് ശതമാനം സീറ്റ് മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ചെയ്യും. ഇതു സംബന്ധിച്ച് സർക്കാർ ഇന്ന് തീരുമാനമെടുക്കും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശ പ്രകാരമായിരിക്കും സംവരണം ഏർപ്പെടുത്തുക.

സാമ്പത്തിക സംവരണം ഉത്തരവിറങ്ങിയ ശേഷം പ്രവേശന കമ്മീഷണർ കീം പ്രോസ്‌പെക്ടസിൽ ആവശ്യമായ ഭേദഗതി വരുത്തി പ്രവേശന വിജ്ഞാപനം ഇറക്കും. സാമ്പത്തികസംവരണം ഏർപ്പെടുത്തിയാൽ സർക്കാർ കോളജുകളിൽ 25 ശതമാനം വരെ സീറ്റ് വർധിപ്പിച്ചു നൽകാമെന്ന് മെഡിക്കൽ കൗൺസിലിന്റെ നിർദേശം നിലവിലുണ്ട്. 25 ശതമാനം സീറ്റ് വർധിപ്പിച്ചാൽ കൂടുതൽ വിദ്യാർഥികൾക്ക് എം ബി ബി എസ് പഠനം സാധ്യമാകും.

സംസ്ഥാനത്ത് ഇത്തവണ 550 എം ബി ബി എസ് സീറ്റുകൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അനുമതി ലഭ്യമാകാതിരുന്ന തൊടുപുഴ അൽ അസ്ഹർ, പത്തനംതിട്ട മൗണ്ട് സിയോൺ, ഒറ്റപ്പാലം പി കെ ദാസ് മെഡിക്കൽ എന്നീ സ്വാശ്രയ കോളജുകൾക്ക് കൂടി എം സി ഐ അനുമതി ലഭ്യമായ സാഹചര്യത്തിലാണ് സീറ്റുകളിൽ വർധന വന്നത്. കഴിഞ്ഞ അധ്യയന വർഷം 15 സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 1,600 സീറ്റുകളിലേക്കായിരുന്നു പ്രവേശനം.