സി ഒ ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Posted on: June 9, 2019 1:21 pm | Last updated: June 9, 2019 at 7:07 pm

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ അക്രമികള്‍ വെട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. മെയ് 18ന് തലശ്ശേരി കയ്യാത്ത് റോഡില്‍ അക്രമികള്‍ വാഹനങ്ങളിലെത്തുന്നതും നസീറിനെ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുന്നതും ദേഹത്തു ബൈക്ക് കയറ്റുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
അതിനിടെ, സി പി എം നേതാവ് എ എന്‍ ഷംസീര്‍ എം എല്‍ എ തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായി നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയായ നസീര്‍ ആരോപിച്ചു. കൃത്യമായി ആസൂത്രണം ചെയ്താണ് തന്നെ വധിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടത്തിയവരില്‍ കൊളശ്ശേരി സ്വദേി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സി പി എം നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പ് നടത്തിവരികയാണ്. ടി വി രാജേഷ് എം എല്‍ എ, പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.

സി പി എമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും വടകരയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥിയുമായിരുന്ന പി ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. നസീറിനെതിരായ വധശ്രമത്തില്‍ ജയരാജന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിനു പിന്നാലെ ആക്രമണത്തില്‍ ജയരാജന് പങ്കില്ലെന്ന് നസീര്‍ വ്യക്തമാക്കുകയും ചെയ്തു.