ആരോഗ്യ ഭക്ഷണം; നോൺവെജിറ്റേറിയൻ ഷോപ്പികളുമായി കുടുംബശ്രീ മിഷൻ

Posted on: June 9, 2019 8:39 am | Last updated: June 9, 2019 at 12:41 pm


പാലക്കാട്: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നോൺവെജിറ്റേറിയൻ ഷോപ്പികളുമായി സംസ്ഥാന കുടുംബശ്രീ മിഷൻ. പാലുത്പ്പന്നങ്ങളും ഇറച്ചിയും മുട്ടയും ഉൾപ്പെടെ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പദ്ധതി സെപ്തംബർ അവസാനത്തോടെ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയിലാണ്.

സംസ്ഥാന വ്യാപകമായി ആകെ 93 നഗരസഭകളിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലക്ക് ഓരോ ജില്ലകളിലും ഒരോന്ന് വീതം തുടങ്ങാനാണ് തീരുമാനം. ഇതിനായി കർഷകരെ തന്നെ എക്‌സിക്യുട്ടീവ് അംഗങ്ങളാക്കിയുള്ള കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ഈ കമ്പനിയാകും ഷോപ്പികൾ നടത്തുക.

ഓരോ ജില്ലകളിലെയും കുടുംബശ്രീ സി ഡി എസുകൾക്കായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല. ഇതിനായി ഒരേ നിറത്തിലും ആകൃതിയിലുമുള്ള 1,000 സ്‌ക്വയർഫീറ്റിൽ ശീതീകരിച്ച മുറിയാണ് ജില്ലകളിൽ സജ്ജമാക്കുന്നത്. സംരംഭം ആരംഭിക്കാൻ കുറഞ്ഞ പലിശക്ക് നാല് ലക്ഷം വരെ നൽകും. കൂടാതെ സി ഡി എസുകൾക്ക് 10 ലക്ഷം വീതം കുടുംബശ്രീ ഫണ്ടിൽ നിന്നും എൻ യു എൽ എം ഫണ്ടിൽ നിന്നും ലഭ്യമാക്കും. ജില്ലയിലെ രണ്ട് സി ഡി എസുകളുടെ മേൽനോട്ടത്തിലാകും കുടുംബശ്രീ ഷോപ്പികളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുക. ഷോപ്പിയുടെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങിയവ കമ്പനി നേരിട്ടാകും നിർവഹിക്കുക.

മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതിവഴി ഇറച്ചിക്കോഴിയും മുട്ടയും പാൽ, തൈര് തുടങ്ങിയ ഉത്പന്നങ്ങളും ഷോപ്പിയിൽ ലഭിക്കും. കുടുംബശ്രീക്ഷീരസാഗരം പദ്ധതിയുടെ കീഴിലുള്ള കർഷകരിൽ നിന്നാണ് പാലുത്പന്നങ്ങൾ എത്തിക്കുന്നത്. ആവശ്യക്കാർക്ക് ഇവയെല്ലാം വീട്ടിൽ എത്തിച്ചുനൽകാനുള്ള ഡോർ ഡെലിവറി സംവിധാനവും ഏർപ്പെടുത്തും. ഇതിനായി ഓൺലൈൻ ബുക്കിംഗ് സൗകര്യം തയ്യാറാക്കുമെന്ന് അധികൃതർ പറയുന്നു. കുടുംബശ്രീ ബ്രാൻഡിലാകും ഓരോ ഉത്പന്നങ്ങളും വിൽക്കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജില്ലാ കുടുംബശ്രീ മിഷനുകൾ വഴി നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.