Connect with us

Articles

ദേശീയ പൗരത്വ നയവും നീതിപീഠവും

Published

|

Last Updated

വർധിത ഭൂരിപക്ഷത്തോടെയാണ് മോദിയുടെ രണ്ടാമൂഴം. തങ്ങളുടെ അജൻഡകൾ ഇടംവലം നോക്കാതെ നടപ്പാക്കാനുള്ള മാന്ത്രിക സംഖ്യാബലമാണ് ലോക്‌സഭയിൽ സർക്കാറിനുള്ളത്. 2020 പകുതി പിന്നിടുന്നതോടെ രാജ്യസഭയിലും ഭൂരിപക്ഷം നേടാൻ ബി ജെ പിക്കും എൻ ഡി എക്കും സാധിക്കും. രാജ്യത്തിന്റെ ബഹുസ്വര മതനിരപേക്ഷ മൂല്യങ്ങൾക്ക് പോയ അഞ്ചാണ്ടുകാലം വലിയ പോറലേറ്റു. ഭരണഘടനാ സ്ഥാപനങ്ങളുടെ നാശവും വിശ്വാസ തകർച്ചയും ആശങ്കയോടെ മാത്രം നാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.

അപ്പോഴും പരമോന്നത നീതിപീഠം തുണക്കുമെന്ന വിശ്വാസമാണ് മതനിരപേക്ഷ ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. പക്ഷേ ജുഡീഷ്യറിയിലും കാര്യങ്ങൾ ശുഭോദർക്കമല്ലെന്ന് വേണം കരുതാൻ. മറ്റു ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്ന് വിഭിന്നമായി സുപ്രീം കോടതിയുടെ ആന്തരിക ജീർണതകളാണ് പുറത്തെ കഴുകൻമാർക്ക് കൊത്തിവലിക്കാൻ പാകത്തിൽ അതിനെ മാറ്റിത്തീർക്കുന്നത്. സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയും തുടർ നടപടികളും ഏറെ ചർച്ചചെയ്യപ്പെട്ടു. മുഖ്യ ന്യായാധിപൻ നിയമത്തിന് അതീതനല്ലെന്ന തോന്നലുളവാകും വിധം നിയമപരമായ നടപടി ക്രമങ്ങൾ പാലിക്കപ്പെടാതിരിക്കുകയും പരാതിക്കാരിക്ക് സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. സുപ്രീം കോടതി നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിനെ കുറ്റവിമുക്തനാക്കി പരാതിയിൽ കഴമ്പില്ലെന്ന തീർപ്പിലെത്തുകയാണുണ്ടായത്.

ഇതിനെതിരെ രൂക്ഷവിമർശമുയർന്നു. കോടതിയുടെത് “ഇൻസ്റ്റിറ്റിയൂഷണൽ ബയാസാ”ണെന്ന വിമർശനമുയർത്തി ഇന്ത്യൻ എക്‌സ്പ്രസ്സിൽ സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി ലോകൂർ ലേഖനമെഴുതിയതും കോടതി നടപടി നിയമാനുസൃതമല്ലെന്ന് ജെ ചെലമേശ്വർ പ്രതികരിച്ചതുമാണിതിൽ ശ്രദ്ധേയം. അഴിമതിക്കാരായ ന്യായാധിപരെ ഭരണകൂടം വിലക്കെടുത്ത് സമ്മർദവിധേയരാക്കി കാര്യം സാധിക്കുന്നതും ആജ്ഞാനുവർത്തികളെ ചട്ടങ്ങൾ മറികടന്ന് തിരുകിക്കയറ്റുന്നതും ഇഷ്ടമില്ലാത്തവരെ അവഗണിക്കുന്നതും പുതിയ കാര്യമല്ല. അടിയന്തരാവസ്ഥക്കാലം അതിന് സാക്ഷിയാണ്. സീനിയോറിറ്റി മാനദണ്ഡപ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന എച്ച് ആർ ഖന്നയെ തഴഞ്ഞ് എം എച്ച് ബേഗിനെ ഇന്ദിരാ ഭരണകൂടം ചീഫ് ജസ്റ്റിസാക്കാനുണ്ടായ ഹേതു പ്രസിദ്ധമായ ഹേബിയസ് കോർപസ് കേസിലെ വിധിയൊന്ന് മാത്രമായിരുന്നു. ഈ കേസ് പരിഗണിച്ച അഞ്ചംഗ ബഞ്ചിലെ ഹൻസ് രാജ് ഖന്ന അല്ലാത്തവരെല്ലാം പിന്നീട് ചീഫ് ജസ്റ്റിസുമാരാവുകയും ചെയ്തത് ചരിത്രം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ഉയർന്നു വന്ന ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണം നീതിപൂർവമല്ലെന്ന് നിയമ നിരീക്ഷകർക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടും. എന്നാൽ തന്റെ ഓഫീസിനെ ദുർബലപ്പെടുത്താനുള്ള കുത്സിത ശ്രമമാണെന്ന ചീഫ് ജസ്റ്റിസിന്റെ വാദം ആവർത്തിക്കുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. ഒരുവേള അറ്റോർണി ജനറൽ കേന്ദ്രവുമായി ഇടയുന്ന സ്ഥിതിയുണ്ടായി. നീതിന്യായ മാനദണ്ഡങ്ങൾ പാലിക്കപ്പെടട്ടെ എന്ന മിനിമം നീതിബോധം പോലും ഇവിടെ കേന്ദ്ര സർക്കാറിന് ഉണ്ടാകാത്തതിന് പിന്നിൽ ചീഫ് ജസ്റ്റിസിൽ ചില “ഗുണങ്ങൾ”മോദി ഭരണകൂടം കണ്ടെത്തിയത് തന്നെയാണ് കാരണമെന്ന സംശയം ബലപ്പെടുന്നുണ്ട്.

ദേശീയ പൗരത്വ നയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ നിലപാടുകൾ ഈ സംശയത്തെ രൂഢമൂലമാക്കുന്നു. ദേശീയ പൗരത്വ നയം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തിയിരുന്നു. ബി ജെ പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ യോഗങ്ങളിൽ അതാവർത്തിക്കുകയും ചെയ്തു. ബംഗാളിൽ പാർട്ടിയുടെ വലിയ മുന്നേറ്റത്തിൽ വർഗീയത നിറഞ്ഞ ഈ പ്രൊപഗാണ്ടയും ഒരു ഘടകമായി.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്‌സി ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതും മുസ്‌ലിംകൾക്ക് പൗരത്വം നിഷേധിക്കുന്നതുമായ നയമാണ് ബി ജെ പിയുടെത്. അനധികൃത കുടിയേറ്റക്കാരിൽ ഒരു വിഭാഗം സ്വാഗതം ചെയ്യപ്പെടുകയും മറ്റു ചിലർ നാടുകടത്തപ്പെടുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധവും വംശീയ യുക്തിയുടെ വിഷബീജം പേറുന്നതുമായ സമീപനമാണിത്. ദേശീയ പൗരത്വ നയം ദേശവ്യാപകമാക്കുമെന്നാൽ അർഥം മുസ്‌ലിംകളുടെ പൗരത്വം തങ്ങൾ ചോദ്യചിഹ്നമാക്കി നിർത്തുമെന്നും പരമാവധി പേരെ പുറം തള്ളുമെന്നുമാണ്.

ഒരു രാജ്യം സ്വാതന്ത്ര്യത്തിന്റെ 72 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പൗരൻമാരോട് പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ ഭരണഘടനാവിരുദ്ധമായ പലതുമുണ്ട്. രേഖകൾ എന്ന സാങ്കേതികത്വത്തിന്റെ പേരിൽ ഭരണകൂടം വിദേശികളെന്ന് മുദ്രകുത്തിയവരെ മാതൃരാജ്യമെന്ന് കരുതപ്പെടുന്ന രാജ്യം സ്വീകരിക്കാൻ തയ്യാറാകാതെ നാടുകടത്താൻ സാധിക്കില്ല. ഫലമോ ഡിറ്റൻഷൻ സെന്ററുകളിൽ കാലാകാലം നരക ജീവിതം നയിക്കാനാണവരുടെ വിധി. ഭരണഘടന വിഭാവനം ചെയ്യുന്ന സുപ്രധാന മൗലികാവകാശമാണ് ആർട്ടിക്കിൾ 21 മുന്നോട്ടു വെക്കുന്ന അന്തസ്സായി ജീവിക്കാനുള്ള അവകാശം.

അതാണിവിടെ വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നത്. തടവ് കേന്ദ്രങ്ങളിൽ പുഴുക്കളെപ്പോലെ കഴിയുന്ന മനുഷ്യരെ സന്ദർശിച്ച് അവർ അനുഭവിക്കുന്ന ദുരിത ജീവിതം മനസ്സിലാക്കിയ ആക്ടിവിസ്റ്റും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദർ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിക്കുകയുണ്ടായി. ദേശീയ പൗരത്വ രജിസ്റ്റർ നടപടി ക്രമങ്ങളെ ചോദ്യം ചെയ്യാതെ, അതേസമയം തടവ് കേന്ദ്രങ്ങളിൽ പാർപ്പിക്കപ്പെട്ടവർക്ക് മാനുഷിക പരിഗണന ലഭ്യമാക്കാൻ ഇടപെടണമെന്നാണ് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് അസാം സർക്കാറിന് നോട്ടീസയച്ച സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പ്രസ്തുത ആവശ്യം ഗൗരവപൂർവം പരിഗണിച്ചില്ലെന്ന് മാത്രമല്ല, തടവുകാരെ നാടുകടത്തുന്നതിൽ ഊന്നുകയാണ് ചെയ്തത്. അടുത്ത തവണ ഹരജി പരിഗണിച്ചപ്പോൾ യുക്തിസഹമല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ നടത്തിയ ചീഫ് ജസ്റ്റിസ് അൽപ്പം വൈകാരിക ചേരുവകളൊത്ത പ്രതികരണം നടത്തുകയും ചെയ്തു.

അഞ്ച് വർഷത്തിലധികം തടവിൽ പാർപ്പിക്കപ്പെട്ടവരുടെ കാര്യത്തിൽ അസാം ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച പ്ലാൻ തന്നെയും തടവുകാരെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന മുറക്ക് അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തിൽ നിബന്ധനയോടെ തടവിൽ നിന്ന് മോചിതരാക്കുന്ന പദ്ധതി അസാമിലെ ബി ജെ പി സർക്കാറിന്റേത് തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ നാടുകടത്തുന്ന വിഷയത്തിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് ചീഫ് സെക്രട്ടറിയെ പേരെടുത്ത് വിമർശിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി എക്‌സിക്യുട്ടീവിന്റെ മേലങ്കി അണിയുകയായിരുന്നു. നിയമപ്രകാരം ഇന്ത്യയിൽ വിദേശികളുടെ ആഗമനം, താമസം, നാടുകടത്തൽ തുടങ്ങിയ വിഷയങ്ങൾ എക്‌സിക്യുട്ടീവിന്റെ അധികാര പരിധിയിലാണെന്നിരിക്കെയാണ് സുപ്രീം കോടതിയുടെ ഈ അമിതാവേശം.

ചീഫ് ജസ്റ്റിസിന്റെ അസ്വാഭാവികവും അനുചിതവുമായ വിമർശനത്തെ തുടർന്നാണ് പൊതുതാത്പര്യ ഹരജി പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് രഞ്ജൻ ഗോഗോയി മാറിനിൽക്കണമെന്ന് ഹർഷ് മന്ദറിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. പക്ഷേ ഹരജിക്കാരനെ മാറ്റിനിർത്തി സുപ്രീം കോർട്ട് ലീഗൽ സർവീസസ് അതോറിറ്റിയെ ഹരജിയിൽ കക്ഷിചേർക്കുകയും ഹർഷ് മന്ദറിനെ രൂക്ഷമായി വിമർശിക്കുകയുമാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. പൊതുതാത്പര്യ ഹരജിയുടെ മെറിറ്റിനപ്പുറത്തേക്ക് ചില സ്ഥാപിത താത്പര്യങ്ങൾ ചീഫ് ജസ്റ്റിസിനെ നയിച്ചിരുന്നു എന്ന സന്ദേഹം അസ്ഥാനത്തല്ലാത്ത വിധം മുഖ്യ ന്യായാധിപൻ ഇടപെട്ടു കളഞ്ഞു ഇവിടെ.

നേരത്തേ തന്നെ നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ ആർ സി)യിൽ നിരവധി ആക്ഷേപങ്ങളുയർന്നിരുന്നു. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിന്റെ അനന്തിരവനടക്കം പല പ്രമുഖരും പുറത്തായിരുന്നു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ. അത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്ന നിർദേശമായിരുന്നു ചീഫ് ജസ്റ്റിസ് നൽകിയത്. അതേസമയം ജൂലൈ 31 ന് അപ്പുറത്തേക്ക് ഒരു ദിവസവും നീട്ടി നൽകില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു.

40 ലക്ഷത്തിലധികം ജനങ്ങളെ പൗരത്വ പട്ടികക്ക് പുറത്ത് നിർത്തി, രേഖകൾ പ്രകാരം പൗരത്വം തെളിയിക്കാൻ കഴിയാത്തവരെ നാടുകടത്തുകയോ തടവ് കേന്ദ്രങ്ങളിൽ പാർപ്പിക്കുകയോ ചെയ്യുന്ന സങ്കീർണവും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതുമായ നിയമ പ്രശ്‌നത്തിന്റെ പാർശ്വങ്ങളിൽ ഉയർന്നു വരേണ്ട പ്രസക്തമായ ചോദ്യങ്ങളുണ്ട്. പൗരത്വ ദാനമാനദണ്ഡങ്ങളും തടവ് കേന്ദ്രങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും നാടുകടത്തുന്നതിന്റെ അന്താരാഷ്ട്ര നിയമങ്ങളുമെല്ലാം (അതെത്ര തന്നെ നിർവഹണ സ്വഭാവമുള്ളതല്ലെങ്കിലും) പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്. അതോടൊപ്പം ജുഡീഷ്യറിക്ക് ഇടപെടാവുന്നതിന്റെ പരിധിയും നിയമപരമായി നിർണിതമാണ്. ഈ സമസ്യകളൊന്നും ശ്രദ്ധയിൽ വരാത്ത വിധം നാടുകടത്താനുള്ള ഝടുതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബഞ്ചിനെ ആവേശിച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷേ മോദി- അമിത് ഷാ സർക്കാറിന് ചീഫ് ജസ്റ്റിസ് പ്രിയങ്കരനായിട്ടുണ്ടെന്ന് തന്നെ അനുമാനിക്കാം. അങ്ങനെ വരുമ്പോൾ മുഖ്യ ന്യായാധിപനെതിരെ ഉയരുന്ന പരാതികൾ കേന്ദ്ര സർക്കാർ കാണാതിരിക്കാനും ഭരണകൂട അഭീഷ്ടം എന്തെന്ന് ന്യായാസനത്തിലിരിക്കുന്നവർ “കാണാനു” മുള്ള സാധ്യത വരും നാളുകളിൽ ഏറെയായിരിക്കും. അത്തരമൊരു സാഹചര്യം രൂപപ്പെടുന്നതിലേക്ക് വെളിച്ചം വീശുന്നു നീതിദീക്ഷയില്ലാത്ത പല ഇടപെടലുകളും. ജനാധിപത്യം ചെറുതല്ലാത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ദശാസന്ധിയിലും തുടരുന്ന നീതിപീഠത്തിന്റെ അപഭ്രംശം ആശങ്കപ്പെടുത്തുന്നത് ജനാധിപത്യ മത നിരപേക്ഷ വാദികളെയാണ്.

Latest