ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മോദി; മാലദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ശ്രീലങ്കയിലേക്കു തിരിച്ചു

Posted on: June 9, 2019 9:02 am | Last updated: June 9, 2019 at 12:00 pm

മാലി: ഭീകരതക്കെതിരെ ലോകമാകെ ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഭീകരവാദമാണ് ഇന്ന് ലോകസമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ദ്വിദിന സന്ദര്‍ശനത്തിന് മാലദ്വീപിലെത്തിയ പ്രധാന മന്ത്രി മാലദ്വീപ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഭീകരവാദമെന്നത് ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും സംസ്‌കാരത്തിനും ഭീഷണിയാണ്. നല്ല ഭീകരവാദം, ചീത്ത ഭീകരവാദം എന്നിങ്ങനെ തരംതിരിച്ചുള്ള പ്രചാരണങ്ങളും അപകടകരമാണ്. എല്ലാതരം ഭീകരവാദത്തെയും ശക്തമായി ചെറുക്കേണ്ടതുണ്ട്. പ്രധാന മന്ത്രി പറഞ്ഞു.

വിദേശ രാഷ്ട്രങ്ങളിലെ വിശിഷ്ട വ്യക്തികള്‍ക്ക് മാലദ്വീപ് പാര്‍ലിമെന്റ് നല്‍കുന്ന ഉന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദുദ്ദീന്‍’ ചടങ്ങില്‍ മോദിക്കു സമ്മാനിച്ചു. നേരത്തെ മാലി വിമാനത്താവളത്തില്‍ മോദിയെ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷഹീദ് സ്വീകരിച്ചു.
നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയും ശക്തമാക്കുയും ലക്ഷ്യമിട്ട് ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്ന മോദി മാലദ്വീപിന്റെ സാമ്പത്തിക വികസനം, ജല വിതരണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ധാരാണാപത്രങ്ങളില്‍ ഒപ്പുവെക്കും.

തീരസംരക്ഷണത്തിനായി സംവിധാനിച്ച റഡാര്‍ സംവിധാനം, മാലിദ്വീപ് പ്രതിരോധ സേനയുടെ പരിശീലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മോദിയും മാലദ്വീപ് പ്രസിഡന്റ് ഇബ്‌റാഹിം മുഹമ്മദ് സ്വാലിഹും ചേര്‍ന്ന് നിര്‍വഹിക്കും.

മാലദ്വീപില്‍ നിന്ന് മോദി ശ്രീലങ്ക സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാന മന്ത്രി, റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌സെ, ടി എന്‍ എ നേതാവ് ആര്‍ സംബന്ധന്‍ എന്നിവരുമായി ഇന്ത്യന്‍ പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തും. ഭീകരാക്രമണം നടന്ന ചര്‍ച്ചുകളും അദ്ദേഹം സന്ദര്‍ശിക്കും. രണ്ടാം വട്ടം പ്രധാന മന്ത്രിയായ ശേഷം മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.