Connect with us

International

സുഡാൻ: പരിഹാരം ജനാധിപത്യ സർക്കാർ

Published

|

Last Updated

ആദിസ് അബാബെ: സുഡാനിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ജനാധിപത്യ സർക്കാർ മാത്രമാണെന്ന് ആഫ്രിക്കൻ യൂനിയൻ. പ്രക്ഷോഭകർക്കെതിരേ ക്രൂരമായ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ആഫ്രിക്കൻ യൂനിയനിൽ (എ യു) നിന്ന് സുഡാനെ സസ്‌പെൻഡ് ചെയ്തതിനു പിറകെയാണ് എ യു ഇങ്ങനെ പ്രതികരിച്ചത്.

അതിനിടെ, സൈന്യവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം സുഡാൻ തലസ്ഥാനമായ ഖാർത്വൂമിലെത്തി. സൈനിക, പ്രതിപക്ഷ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.

രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്ത്കടക്കുംവരെ സുഡാന്റെ പങ്കാളിത്തം ആഫ്രിക്കൻ യൂനിയനിൽ നിന്ന് അടിയന്തരമായി സസ്‌പെൻഡ് ചെയ്യപ്പെടുമെന്ന് ആഫ്രിക്കൻ യൂനിയൻ സമാധാന-സുരക്ഷാ ഏജൻസികൾ വ്യാഴാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ നടന്ന പ്രക്ഷോഭത്തെതുടർന്ന് എത്യോപ്യയിലെ അഡിസ് അബാബയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് എ യു പുതിയ തീരുമാനം െൈകക്കൊണ്ടത്.

നിലവിൽ രാജ്യ ഭരണം കൈയാളുന്ന സൈന്യത്തിനുള്ളിൽ തന്നെയുള്ള ഭിന്നതകൾ സുഡാനെ അരാജകത്വത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നയിച്ചേക്കാം എന്ന ഭീതി പരക്കുന്നതിനിടെയാണ് ആഫ്രിക്കൻ യൂനിയൻ നിർണായക തീരുമാനം എടുത്തിരിക്കുന്നത്.

സുഡാനിൽ ജനാധിപത്യ ഭരണം നിലവിൽ വരുന്നത് വരെ സസ്‌പെൻഷൻ തുടരും. ഈ തീരുമാനം സുഡാനിലെ സൈന്യത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും. നയതന്ത്രപരമായി ഒറ്റപ്പെടും. ആഫ്രിക്കൻ യൂനിയന്റെ വിവിധ പ്രവർത്തനങ്ങളിലുള്ള സുഡാന്റെ പ്രാതിനിധ്യങ്ങളെല്ലാം ഇതോടെ നിർത്തലാവും.

ഒരു ജനകീയ സർക്കാറിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസംതന്നെ അവസാനിച്ചിരുന്നു. ഏകാധിപതിയായ പ്രസിഡന്റ് ഉമർ അൽ ബശീറിനെ ഏപ്രിലിൽ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് സൈന്യം അധികാരം ഏറ്റെടുത്തത്. എന്നാൽ, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരം ശക്തമായി.

പട്ടാളവും പ്രക്ഷോഭകരും തമ്മിൽ മൂന്ന് വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള കരാർ ഒപ്പുവെക്കുന്നതിൽ നിന്ന് സൈന്യം നാടകീയമായി പിന്മാറി. സുഡാനിലെ ഡോക്ടർമാരുടെ സെൻട്രൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം തിങ്കളാള്ച നടന്ന പ്രക്ഷോഭത്തിൽ 108 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 61 പേരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.