മുണ്ടുടുത്ത് കേരളീയ ശെെലിയിൽ പ്രധാനമന്ത്രി; ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാക്കി

Posted on: June 8, 2019 9:35 am | Last updated: June 8, 2019 at 2:56 pm

തൃശൂർ: രണ്ടാമതു‌ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന‌ം നടത്തി. രാവിലെ 10.25ഒാടെയാണ് അദ്ദഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. കിഴക്കേഗോപുരകവാടത്തില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണകുംഭം നല്‍കി പ്രധാനമന്ത്രിയെ എതിരേറ്റു. കേരളീയ ശെെലിയിൽ മുണ്ടുടുത്താണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് എത്തിയത്. അരമണിക്കൂർ ക്ഷേത്രത്തിൽ ചെലവഴിച്ച അദ്ദഹം വഴിപാടും താമരപ്പൂക്കൾ കൊണ്ട് തുലാഭാരവു‌ം നടത്തി.

രാവിലെ 9.55-നാണു പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ ഇറങ്ങിയത്. ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് കാർ മാർഗം ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. അവിടെ അൽപനേരം വിശ്രമിച്ചശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ദർശനത്തിന് ശേഷം ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ദർശനനിയന്ത്രണമുണ്ടാകും. ഗുരുവായൂർ ക്ഷേത്രപരിസരത്തും ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പരിസരത്തും മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, ഹാങ് ഗ്ലൈഡേഴ്സ്, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന കളിപ്പാട്ടവിമാനം, ഹെലിക്യാം, ഡ്രോൺ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് രാഷ്ട്രീയസമ്മേളനത്തിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും.