Connect with us

Eranakulam

അണക്കെട്ടുകൾ പണിത് പ്രളയം തടയും; നടപടിയുമായി സര്‍ക്കാര്‍

Published

|

Last Updated

കോതമംഗലം: പ്രളയനിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാല് വൻകിട അണക്കെട്ടുകൾ കൂടി നിർമിക്കാൻ ആലോചന. പെരിങ്ങൽക്കുത്ത്, പൂയംകുട്ടി, അച്ചൻകോവിൽ, കുര്യാർകുട്ടികാരപ്പാറ എന്നിവയാണ് പുതുതായി നിർമിക്കുന്ന നാല് അണക്കെട്ടുകൾ.പെരിങ്ങൽക്കുത്തിൽ ഇപ്പോൾ ഒരു അണക്കെട്ടുണ്ട്. ഇവിടെ പുതുതായി വലിയൊരു അണക്കെട്ടുകൂടി നിർമിക്കാനുള്ള നിർദേശം സർക്കാരിനു സമർപ്പിക്കാനാണ് വൈദ്യുതിബോർഡ് തീരുമാനം. മറ്റുള്ള അണക്കെട്ടുകൾക്ക് നേരത്തേ പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും പാരിസ്ഥിതികാനുമതി കിട്ടാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ നടക്കാതെ പോയി. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇവ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.

വെള്ളപ്പൊക്ക നിയന്ത്രണത്തോടൊപ്പം വൈദ്യുതി ഉത്പാദനവും പുതുതായി നിർമിക്കുന്ന അണക്കെട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, പാരിസ്ഥിതികാനുമതി നേടുന്നതടക്കം വലിയ കടമ്പകളാണ് ഈ പദ്ധതികളെ കാത്തിരിക്കുന്നത്. കുര്യാർകുട്ടി- കാരപ്പാറ പദ്ധതിക്ക് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്താൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു. പൂയംകുട്ടിയിലും അച്ചൻകോവിലിലും മുന്പ് അണക്കെട്ടുകൾക്ക് നിർദേശങ്ങളുയർന്നിരുന്നതാണ്.

ഈ നിർദേശങ്ങൾ ഇപ്പോൾ സാധ്യമാണോ എന്നാരാഞ്ഞ് സർക്കാർ കേന്ദ്ര ജലക്കമ്മിഷന് കത്തയച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ ആഘാതം കുറച്ചത് അണക്കെട്ടുകളാണെന്നാണ് ജല കമ്മീഷന്റെ നിലപാട്.പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നദികളിൽ അസാധാരണമായ തോതിൽ വെള്ളമുയരുന്നതു തടയാൻ അണക്കെട്ട് വേണമെന്നു കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതു സാധ്യമാണോയെന്ന് വിലയിരുത്തി ജലകമ്മീഷനെ സർക്കാർ അറിയിക്കും. അച്ചൻകോവിലിൽ നേരത്തേ ട്വിൻ കല്ലാർ അണക്കെട്ടിന് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല.

പുതിയ സാഹചര്യത്തിൽ ഇതിനുള്ള സാധ്യതയാണ് വീണ്ടും സർക്കാർ പരിശോധിക്കുന്നത്. നിലവിലുള്ള പെരിങ്ങൽക്കുത്ത് അണക്കെട്ടിനും ഷോളയാർ അണക്കെട്ടിനുമിടയിൽ പുതിയ അണക്കെട്ട് നിർമിച്ചു ചാലക്കുടി നീർത്തടത്തിലെ പ്രളയത്തിന് പരിഹാരം കാണാനാകുമെന്നാണ് വൈദ്യുതി ബോർഡ് വിലയിരുത്തുന്നത്. പെരിങ്ങൽക്കുത്തിൽ ഇപ്പോൾ 30 ദശലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാവുന്ന അണക്കെട്ട് നിലവിലുണ്ട്. എന്നാൽ, ഇതിനു മുകളിലുള്ള കേരള ഷോളയാറും തമിഴ്‌നാടിന്റെ അണക്കെട്ടുകളും വലുതാണ്.

ഇവയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പെരിങ്ങൽക്കുത്തിനു താങ്ങാനാവില്ലെന്നും ഇതാണു ചാലക്കുടിപ്പുഴയിലെ പ്രളയം ഇത്രയും രൂക്ഷമാകാൻ കാരണമെന്നും വൈദ്യുതി ബോർഡ് വിലയിരുത്തുന്നു.
ഇവിടെ പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ 200 ദശലക്ഷം ഘനമീറ്റർ സംഭരണ ശേഷിയും ഇതിൽ നിന്ന് 40 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാമെന്നുമാണ് വൈദ്യുത ബോർഡ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റവും കുറഞ്ഞ ചെലവിൽ 750 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന പൂയംകൂട്ടി പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നത്.

1984 ൽ കേന്ദ്ര വൈദ്യുതിഅതോറിറ്റിയും 1985 ൽ കേന്ദ്ര പരിസ്ഥിതി വകുപ്പും 1986 ൽ പ്ലാനിംഗ് കമ്മീഷനും അനുമതി നൽകിയ പൂയംകൂട്ടി പദ്ധതിക്ക് കേന്ദ്ര വനം വകുപ്പിന്റെ അനുമതി കൂടിയേ ഇനി ലഭിക്കേണ്ടതുള്ളൂ. 1982ൽ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ട് പ്രകാരം പദ്ധതിയുടെ ശേഷി 750 മെഗാവാട്ടും വെള്ളത്തിൽ മുങ്ങുന്ന പ്രദേശത്തിന്റെ വിസ്തൃതി 2800 ഹെക്ടറുമായിരുന്നു. എന്നാൽ പദ്ധതിയുടെ വലിപ്പം കണക്കിലെടുത്ത് 240 മെഗാവാട്ടിന്റെ ഒന്നാം ഘട്ട പ്രവർത്തനത്തിനായി 1994 ൽ വൈദ്യുതി ബോർഡ് കേന്ദ്രത്തെ സമീപിക്കുകയും നഷ്ടമാകുന്ന വനഭൂമിക്ക് പകരം വനവത്കരണത്തിന് കേന്ദ്ര വനം മന്ത്രാലയം അനുമതി നൽകുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചതോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയും ഇതിനായി വൈദ്യുതി ബോർഡ് ഓഫീസുകൾ കോതമംഗലത്തും പൂയംകൂട്ടിയിലും തുറക്കുകയും ചെയ്തിരുന്നു. എന്നാൽ പരിസ്ഥിതിവാദികളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് പദ്ധതി വിസ്മൃതിയിലാകുകയായിരുന്നു.

ഇപ്പോൾ പുതിയ വൻകിട അണക്കെട്ടുകൾ നിർമിക്കുന്നതിൽ പൂയംകൂട്ടിയെ ഉൾപ്പെടുത്തിയത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാണ് നൽകുന്നത്. കേരളം കടുത്ത ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഏറ്റവും ചെലവ് കുറഞ്ഞതും എളുപ്പത്തിൽ പൂർത്തിയാക്കുവാൻ കഴിയുന്നതുമായ പൂയംകൂട്ടി പദ്ധതിക്ക് മുന്തിയ പരിഗണന നൽകാൻ ഇടപെടൽ വേണമെന്ന ആവശ്യമാണ് വൈദ്യുത ബോർഡിലെ ഉദ്യോഗസ്ഥ സംഘടനകൾക്കും നാട്ടുകാർക്കുമുള്ളത്.