ചോക്കാട്ടുക്കാര്‍ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ചായകുടി

Posted on: June 8, 2019 8:55 am | Last updated: June 8, 2019 at 11:43 am


കാളികാവ്: ചോക്കാട്ടുക്കാര്‍ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സായാഹ്ന ചായകുടി. കാളികാവില്‍ നിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴിയാണ് ചോക്കാട് ജ്യോതീസ് ബേക്കറിയിലിറങ്ങി ചായ കുടിച്ചത്. നേരത്തെയുള്ള റൂട്ട് ചാര്‍ട്ടില്‍ വണ്ടൂര്‍ വഴി തന്നെ നിലമ്പൂരിലേക്ക് മടങ്ങുമെന്നാണുണ്ടായിരുന്നത്. കാളികാവിലെ പരിപാടി തീര്‍ത്ത ഉടനെ പെട്ടന്നായിരുന്നു റൂട്ട് മാറ്റിയത്. ചോക്കാട് എത്തിയ രാഹുലിന്റെ വാഹന വ്യൂഹത്തിന് നേരെ കോണ്‍ഗ്രസ് പതാകയുമായി കോണ്‍ഗ്രസ് കാരണവരായ മുള്ളന്‍ മോയിന്റെ നേതൃത്വത്തില്‍ അളുകള്‍ കൈ വീശി.

വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയും ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുയ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ നടത്തുന്ന ജ്യോതീസ് ബേക്കറിയിലിറങ്ങി ചായയും ലഘു കടിയും ഡ്രൈ ഫ്രൂട്ട്സും ഭക്ഷിച്ച് മുള്ളന്‍ മോയിന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം അല്‍പ സമയം ചെലവിടുകയും സെല്‍ഫികള്‍ക്ക് പോസ് ചെയ്യുകയും ചെയ്താണ്‌ യാത്ര തുടര്‍ന്നത്.