പ്രധാനമന്ത്രി കേരളത്തില്‍

Posted on: June 8, 2019 12:00 am | Last updated: June 8, 2019 at 11:30 am

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 11.40ഓടെ കൊച്ചി വ്യോമസേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയെത്തിയത്. ഗവര്‍ണറും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ശനിയാഴ്ച രാവിലെയാണ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം. അല്‍പ്പ സമയത്തിനകം പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ്ഹൗസിലേക്ക് പോകും.

പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം. പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴ് മണി മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് അറിയിച്ചു. കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവും. ഇതിലൂടെ രാവിലെ ഏഴ് മണി മുതല്‍ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മാത്രമാവും പ്രവേശനം ലഭിക്കുക. പ്രധാനമന്ത്രി രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് ക്ഷേത്രത്തില്‍ ഉണ്ടാവുക.
രാവിലെ എട്ട് മണിയോടെ പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാവും.