Connect with us

Editorial

ചികിത്സാ നിഷേധം; വിദഗ്ധാന്വേഷണം വേണം

Published

|

Last Updated

ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം. എച്ച്-1 എന്‍-1 പനി ബാധയെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടു കോട്ടയം മെഡി. കോളജില്‍ ചികിത്സക്കെത്തിയ ഇടുക്കി സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.10 നാണ് ഇയാളെ ബന്ധുക്കള്‍ ആംബുലന്‍സില്‍ കോട്ടയം മെഡി. ”

കോളജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രോഗിയെ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ രോഗിയെ മടക്കി അയക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. തുടര്‍ന്ന് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. നാല് മണിയോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ തന്നെ എത്തിച്ചെങ്കിലും അപ്പോഴും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്. തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ ആശുപത്രി അധികൃതരോട് ദയനീയമായി ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു. ഡോക്ടറോ, നഴ്‌സോ പോലും വന്ന് തിരിഞ്ഞു നോക്കിയില്ല. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലുമുള്ള മനസ്സ് അധികൃതര്‍ കാണിച്ചില്ലെന്നാണ് മരിച്ച രോഗിയുടെ മകള്‍ പറയുന്നത്.

രോഗികള്‍ക്ക് അകാരണമായി ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുന്നതും ചികിത്സയിലിരിക്കുന്ന രോഗികള്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം മരണപ്പെടുന്നതുമായ സംഭവങ്ങള്‍ സംസ്ഥാനത്ത് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 2018 ആഗസ്റ്റില്‍ വയനാട് എടവക ഗ്രാമപഞ്ചായത്തിലെ പണിയ കോളനിയിലെ വേരന്റെ ഭാര്യ ചപ്പ എന്ന വൃദ്ധയും, 2017 ആഗസ്റ്റില്‍ കൊല്ലത്ത് റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകനും 2017 മാര്‍ച്ചില്‍ വയറുവേദനയെത്തുടര്‍ന്ന് കൊച്ചി കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട തേവക്കല്‍ സ്വദേശി ജെറിന്‍ മൈക്കിളും ചികിത്സ ലഭിക്കാതെ മരിച്ചവരില്‍ ചിലര്‍ മാത്രം.
രോഗം കൊണ്ട് അവശരായി, മാനസികമായി തളര്‍ന്ന, മികച്ച ചികിത്സ പ്രതീക്ഷിച്ചെത്തിയ രോഗികളോട് യാതൊരു കാരുണ്യവും സഹാനുഭൂതിയും കാണിക്കാതെ ഡോക്ടര്‍മാര്‍ പരുഷമായി പെരുമാറുന്നതും കടിച്ചു കീറുന്നതും രോഗ വിവരങ്ങള്‍ കൃത്യമായി ചോദിച്ചറിയാനുള്ള സാവകാശം കാണിക്കാതെ മരുന്നെഴുതി കൊടുക്കലുമെല്ലാം സാധാരണമാണ്. പലപ്പോഴും വൈകിയാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കും ജോലിക്കെത്തുന്നത.് വൈകുന്നേരത്തെ സ്വകാര്യ പ്രാക്ടീസിനായി അവര്‍ക്ക് നേരത്തെ തന്നെ ആശുപത്രി വിടുകയും വേണം. അതിനിടയില്‍ കിട്ടുന്ന കുറഞ്ഞ സമയത്തില്‍ ഒരു ചടങ്ങെന്ന മട്ടില്‍ വളരെ പെട്ടെന്നു തന്നെ രോഗികളെ പരിശോധിച്ചു വിടുകയാണ് പലരും.

ഇക്കൂട്ടത്തില്‍ വിശദ പരിശോധന ആവശ്യമായ ഗുരുതര രോഗികള്‍ എത്തിയാല്‍ എന്തെങ്കിലും കാരണം പറഞ്ഞു മടക്കി വിടുകയും ചെയ്യുന്നു.

രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബി എം ജെ ഓപണ്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായത്, അമേരിക്ക, സ്വീഡന്‍, നോര്‍വെ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഡോക്ടര്‍ ഒരു രോഗിയെ പരിശോധിക്കാന്‍ എടുക്കുന്ന സമയം 20 മിനുട്ടാണെങ്കില്‍ ഇന്ത്യയില്‍ അത് രണ്ട് മിനുട്ട് മാത്രമാണെന്നാണ്. കൃത്യമായ പരിശോധന നടത്താതെ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്താണ് ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. ഇത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായും ബി എം ജെ വിലയിരുത്തുന്നു. ഈ റിപ്പോര്‍ട്ട് ശരിവെച്ച ന്യൂഡല്‍ഹി ആകാശ് ഹെല്‍ത്ത് കെയറിലെ ഡോ. ആശിക് ചൗധരി, രാജ്യത്തെ ഡോക്ടര്‍മാരുടെ എണ്ണക്കുറവും രോഗികളുടെ വര്‍ധനയും കാരണം മണിക്കൂറില്‍ 100 രോഗികളെ വരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നതായി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് മെഡി. കോളജുകളില്‍ പൊതുവേ ചികിത്സാ സംവിധാനങ്ങള്‍ ആവശ്യത്തിനില്ലെന്നത് ഒരു വസ്തുതയാണ്. എങ്കിലും ചികിത്സ തേടിയെത്തുന്ന രോഗികളെ സൗകര്യക്കുറവിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം മടക്കി അയക്കാതെ പ്രാഥമിക പരിശോധനയെങ്കിലും നടത്താനുള്ള സന്മനസ്സ് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും കാണിക്കേണ്ടതുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്ക് പരിമിതികളുണ്ടെങ്കില്‍ അക്കാര്യം അവരെ പറഞ്ഞു ബോധ്യപ്പെടുത്തിയും ആശ്വാസ വാക്കുകള്‍ പറഞ്ഞുമായിരിക്കണം തിരിച്ചയക്കേണ്ടത്. രോഗിയെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് മനുഷ്യത്വപരമല്ല. രോഗചികിത്സയെക്കുറിച്ചുള്ള അറിവുകള്‍ മാത്രമല്ല, മനുഷ്യത്വപരമായ പെരുമാറ്റവും കൂടിയാണ് ഡോക്ടര്‍മാരുടെ യോഗ്യത. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം മരുന്നിനേക്കാള്‍ ഫലം ചെയ്യുക ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും സ്‌നേഹനിര്‍ഭരമായ സാമീപ്യവും പെരുമാറ്റവും ആശ്വാസ വാക്കുകളുമാണ്. ഒരു ജോലി എന്നതിലുപരി സേവനമാണ് ആതുര ശുശ്രൂഷ. ആശുപത്രികളില്‍ തിരക്കും രോഗികളുടെ ബാഹുല്യവും ഡോക്ടര്‍മാര്‍ക്ക് ജോലിക്കൂടുതലും അനുഭവപ്പെട്ടെന്നു വരാം. അത്തരം ഘട്ടങ്ങളിലും രോഗികളോട് സമചിത്തതയോടെയും ക്ഷമകൈവിടാതെയും പെരുമാറാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കണം.

കോട്ടയം മെഡി. കോളജില്‍ ചികിത്സ നിഷേധിച്ചതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ച് വിദഗ്ധാന്വേഷണം നടത്തി ആരോപണത്തില്‍ വസ്തുതയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ഇത്തരം കേസുകള്‍ ബാഹ്യമായ ഇടപെടലിനെ തുടര്‍ന്ന് ഇടക്കുവെച്ചു നിന്നു പോകാറാണ് പതിവ്. ഈ കേസില്‍ അത് സംഭവിക്കാതിരിക്കട്ടെ. കുറ്റവാളികള്‍ സ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടാന്‍ കാരണം.

 

Latest