National
അലംഭാവം പാടില്ല, ആത്മവിശ്വാസം കൈവിടരുത്; ആസ്‌ത്രേലിയയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയോട് സച്ചിന്‍

ന്യൂഡല്‍ഹി: ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് ആസ്‌ത്രേലിയയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുന്നറിയിപ്പ്. അലംഭാവം പാടില്ലെന്നും ദക്ഷിണാഫ്രിക്കക്കെതിരായ വിജയത്തിന്റെ ആത്മവിശ്വാസം ഊര്‍ജമാകണമെന്നും സച്ചിന്‍ ടീമിനെ ഉപദേശിച്ചു.
“ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായതോടെ നേടിയ ആത്മവിശ്വാസം നിങ്ങളുടെ കിറ്റില്‍ സൂക്ഷിക്കണം. അടുത്ത മത്സരത്തില്‍ അത് പുറത്തെടുക്കണം. കളിയില്‍ കാണിക്കുന്ന ഒത്തിണക്കവും ദൃഢവിശ്വാസവും വച്ചു നോക്കുമ്പോള്‍ ആസ്‌ത്രേലിയ ശക്തമായ ടീമാണ്.”- സച്ചിന്‍ പറഞ്ഞു. വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ആസ്‌ത്രേലിയ ആവേശകരമായ ജയം നേടിയിരുന്നു. മത്സരത്തില്‍
ഫാസ്റ്റ് ബൗളര്‍ മിഷേല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ കൊയ്തു.
ഓവലില്‍ ആസ്‌ത്രേലിയ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. അവിടുത്ത പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സുണ്ടാകുമെന്നതിനാല്‍ അതിന്റെ അനുകൂല്യം ആസ്‌ത്രേലിയ ഉപയോഗപ്പെടുത്തും. ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരിച്ചെത്തിയ ശേഷം ആസ്‌ത്രേലിയ ആകെ മാറിയിട്ടുണ്ട്. ഐ പി എല്ലിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ വാര്‍ണര്‍ പൂര്‍ണ ഫിറ്റാണ്. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് റണ്‍ ഒഴുകാന്‍ സാധ്യത കൂടുതലാണ്. മുന്‍ ക്രിക്കറ്റര്‍ പറഞ്ഞു. ആസ്‌ത്രേലിയയുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ കിടയറ്റ പോരാട്ടത്തിലൂടെ വാര്‍ണര്‍ 89 റണ്‍സ് തന്റെ പേരില്‍ കുറിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും ടീം ഇന്ത്യ നല്ല പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തില്‍ സച്ചിന് സംശയമില്ല. ആസ്‌ത്രേലിയന്‍ ആക്രമണത്തെ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. അവരുടെ ബൗളിംഗ് ആക്രമണത്തെ മുമ്പും ഇന്ത്യ മികവുറ്റ നിലയില്‍ നേരിട്ടിട്ടുണ്ട്. സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തിരുന്നു. ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ ഉജ്ജ്വല ബൗളിംഗില്‍ ആസ്‌ത്രേലിയയെ 227ല്‍ ചുരുക്കിക്കെട്ടിയ ഇന്ത്യ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ (122) ബാറ്റിംഗ് മികവില്‍ ലക്ഷ്യം നേടുകയായിരുന്നു.