ഷാംഗ് ഹായ് ഉച്ചകോടിക്കിടെ മോദി – ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച ഉണ്ടാകില്ല

Posted on: June 6, 2019 8:26 pm | Last updated: June 7, 2019 at 10:05 am

ന്യൂഡല്‍ഹി: പുല്‍വാമാഭീകരണമത്തിന് പിന്നാലെ പാക് ബന്ധം വഷളായ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ. ഷാംഗ് ഹായ് കോ-ഓപ്‌റേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ടെങ്കിലും ചര്‍ച്ചയുണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ തീര്‍ത്തും മോശമായ അവസ്ഥയില്‍ തന്നെ ഇന്ത്യാ-പാക് ബന്ധം തുടരുമെന്നും ഉറപ്പായി.

ഈ മാസം 13, 14 തിയ്യതികളില്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലാണ് ഉച്ചക്കോടി. പാക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഈ ഉച്ചക്കോടിയില്‍ മോദിയും പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇമ്രാന്‍ ഖാനുമായി മോദി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അടുത്ത ഭാവിയിലൊന്നും ഇത്തരത്തിലൊരു ചര്‍ച്ച് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചക്കോടിയില്‍ ഇരു പ്രധാന മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.