Connect with us

National

കേരളത്തിലെ തിരിച്ചടിക്ക് ശബരിമലയും കാരണമായി: സി പി എം കേന്ദ്ര കമ്മിറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ കനത്ത തിരിച്ചടിക്ക് ശബരിമലയും കാരണമായതായി സി പി എം കേന്ദ്ര കമ്മിറ്റിയുടെ അവലോകനം. എന്നാല്‍ ശബരിമല നയത്തില്‍ മാറ്റം വരുത്തില്ലെന്നും മറ്റൊരു നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനാകില്ലെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കേരളത്തിലെ പാര്‍ട്ടിക്കു കഴിയണം.

പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ചോരുന്നതിന് ശബരിമല കാരണമായിട്ടുണ്ട്. വിഷയത്തില്‍ എതിരാളികള്‍ നടത്തിയ പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതില്‍ വീഴ്ചയുണ്ടായി. ബി ജെ പിക്കായി ദേശീയ തലത്തില്‍ നടന്ന പ്രചാരണ വേലയും തിരിച്ചടിക്ക് ആക്കം കൂട്ടി. സംസ്ഥാനത്ത് പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ കുറവുണ്ടായതും ബി ജെ പിയുടെ വോട്ടു ശതമാനം കൂടിയതും ആശങ്കാജനകമാണ്.

പശ്ചിമ ബംഗാളിലാണെങ്കില്‍ പാര്‍ട്ടി അനുഭാവികളുടെ പോലും വോട്ട് ബി ജെ പിക്കു പോയത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇത് പരിശോധിച്ച ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പോരായ്മകള്‍ പരിഹരിക്കാനും കഴിയണം. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഇത്രയും വലിയ തകര്‍ച്ച ഉണ്ടാകില്ലായിരുന്നുവെന്ന നിലപാടിനോട് കേന്ദ്ര കമ്മിറ്റിയിലെ ഒരു വിഭാഗം വിയോജിപ്പ് രേഖപ്പെടുത്തി.
ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ ആരുടെയും രാജി നിലവില്‍ കേന്ദ്ര നേതൃത്വം മുമ്പാകെ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയാറായാല്‍ അത് അപ്പോള്‍ പരിഗണിക്കുമെന്നും കേന്ദ്ര നേതൃത്വം പറയുന്നു.

Latest