അഞ്ച് മന്ത്രിസഭാ സമിതികള്‍ കൂടി പ്രഖ്യാപിച്ചു; അഞ്ചിലും അംഗമായി അമിത്ഷാ

Posted on: June 6, 2019 11:38 am | Last updated: June 6, 2019 at 1:07 pm


ഡല്‍ഹി: അഞ്ച് മന്ത്രിസഭാ സമിതികള്‍ കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി പ്രഖ്യാപിച്ച അഞ്ച് സമിതികളിലും അമിത്ഷാ അംഗമാണ്. രണ്ടു സമിതികളില്‍ അദ്ധ്യക്ഷന്‍ അമിത് ഷായാണ്. പാര്‍ലമെന്ററി കാര്യം, സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതി. എന്നിവയിലാണ് അമിത്ഷായെ അദ്ധ്യക്ഷനാക്കിയത്. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍.

മന്ത്രിസഭയിലെ രണ്ടാമന്‍ അമിത്ഷാ തന്നെ എന്ന് വ്യക്തമാക്കിയാണ് മന്ത്രിസഭാ സമിതികളുടെ രൂപീകരണം. സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം. എന്നാല്‍ നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് ഉള്ളത്. ആകെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണെങ്കിലും ആറ് സമിതികളില്‍ മാത്രമാണ് മോദി അംഗമായിട്ടുള്ളത്. അക്കമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോദിയില്ലാത്തത്. നയപരിപാടികള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ രാജ് നാഥ് സിങ്ങ് ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. നിര്‍മല സീതാരാമന്‍ ആറ് സമിതികളിലും ഇടം പിടിച്ചു.

മോദി സര്‍ക്കാരിന് ഏറെ വെല്ലുവിളികളി ഉയര്‍ത്തുന്ന സാമ്പത്തിക മാന്ദ്യത്തിനും തൊഴിലില്ലായ്മക്കുംും പരിഹാരം കാണാന്‍ പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.
നിക്ഷേപം തൊഴില്‍ സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള മന്ത്രിസഭാ സമിതികള്‍ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു.