നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ്പേര്‍ക്കും നിപ്പാ ഇല്ല

Posted on: June 6, 2019 11:11 am | Last updated: June 6, 2019 at 3:51 pm

കൊച്ചി: നിപ്പാ രോഗത്തിനെതിരായ മുന്‍കരുതലായി എറണാകുളം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ആറു പേര്‍ക്കും നിപ്പ ഇല്ലയെന്ന് സ്ഥിരീകരിച്ചു. നിപ്പാ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി ഇടപഴകിയ നാലു പേരടക്കം ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള  രക്ത സാംപിള്‍ പുണെയിലേക്കയച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണം വന്നത്. ആറ്‌പേരുടെ ഫലം നെഗറ്റീവാണ്. ഒരാളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ചികിത്സിച്ച രണ്ട് നേഴ്സുമാരടക്കമുള്ള ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയും മെച്ചപ്പെടുന്നുണ്ട്. നിപ്പായുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്.
അതേ സമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് പനിബാധിതര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഭോപ്പാലില്‍ നിന്നുള്ള സംഘം പറവൂരില്‍ എത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയച്ചു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേരും.

ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധനും വ്യക്തമാക്കിയിരുന്നു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങലെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രിപറഞ്ഞു.

നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇപ്പോള്‍ നിപ്പ ലക്ഷണങ്ങളില്ലയെന്ന് നേരത്തെ അറിയിച്ചിരുന്നു. നിപ്പ വൈറസ് ബാധിച്ച യുവാവുമായി അടുത്തിടപഴകിയ 311 പേരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഉള്ളവരാണിത്.