നിപ്പ: നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ നില തൃപ്തികരം;വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

Posted on: June 5, 2019 12:39 pm | Last updated: June 6, 2019 at 12:30 pm

കൊച്ചി: നിപ്പ രോഗത്തിനെതിരായ മുന്‍കരുതലായ എറണാകുളം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അഞ്ചുപേരുടെ നിലവില്‍ തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി ഇടപഴകിയ നാലു പേരടക്കം ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെയും രക്ത സാംപിള്‍ പുണെയിലേക്കയച്ചെന്നും രണ്ട് ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കുമെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

.പരിശോധനാഫലം രണ്ടുദിവസത്തിനകം വരും. നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇപ്പോള്‍ നിപ്പ ലക്ഷണങ്ങളില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വ്യാഴാഴ്ച അവലോകനയോഗം ചേരും. നിപ്പയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും മേഖലയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമോയെന്ന കാര്യം ഇന്നു വൈകിട്ട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.നിപ്പ വൈറസ് ബാധിച്ച യുവാവുമായി അടുത്തിടപഴകിയ 311 പേരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഉള്ളവരാണിത്.