നിപ്പാ: ശുചിത്വവും ജാഗ്രതയുമാണ്‌ ആവശ്യം

Posted on: June 5, 2019 10:21 am | Last updated: June 5, 2019 at 10:21 am

കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി എറണാകുളത്ത് നിപ്പാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുപത്തൊന്നുകാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്ക് നിപ്പാ വൈറസ് ബാധ തന്നെയെന്ന് ഇന്നലെ കാലത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. വിദ്യാര്‍ഥിയുടെ പരിശോധനാ ഫലം പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് നിപ്പാ ബാധ തന്നെയെന്ന് സ്ഥിരീകരണം ഉണ്ടായത്. നേരത്തേ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സംബന്ധിച്ച് സൂചനകള്‍ കണ്ടതോടെയാണ് വിശദ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ പുണെയിലേക്ക് അയച്ചത്. കൊടുങ്ങല്ലൂരിലെയും പറവൂരിലെയും ക്ലിനിക്കുകളില്‍ പനിക്ക് ചികിത്സ തേടിയ ശേഷമാണ് വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുമുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ വിദ്യാര്‍ഥിയുടെ ഒരു സഹപാഠിയും ചികിത്സിച്ച രണ്ട് നഴ്‌സുമാരുമടക്കം രോഗിയുമായി അടുത്തിടപഴകിയ 86 പേര്‍ നിരീക്ഷണത്തിലുണ്ട്.
ഒരു വര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് നിപ്പാ വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. രോഗം ബാധിച്ച പന്തിരിക്കര സൂപ്പിക്കടയിലെ സാബിത് മെയ് അഞ്ചിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിക്കുകയും ചെയ്തു. മെയ് 18ന് സാബിതിന്റെ സഹോദരന്‍ സാലിഹും മരണപ്പെട്ടു. തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സാബിതിനെ പരിചരിച്ച നഴ്‌സ് അടക്കം 18 രോഗബാധിതരില്‍ 16 പേരും മരണപ്പെട്ടു. അന്ന് തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താന്‍ വൈകിയതാണ് മരണ സംഖ്യ ഇത്രയുമെത്താന്‍ കാരണം. ഈ കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തെ തുടര്‍ന്ന് രക്തം മണിപ്പാല്‍ വൈറോളജി ലാബിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധിച്ചതോടെയാണ് രോഗം നിപ്പായെന്ന് ഉറപ്പിച്ചത്.

കഴിഞ്ഞ തവണ രോഗബാധാ ഘട്ടത്തില്‍ ചികിത്സാ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് നിപ്പായെക്കുറിച്ച് കേട്ടറിവും പുസ്തകങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞ വിവരണങ്ങളുമല്ലാതെ ചികിത്സയില്‍ പ്രായോഗിക പരിചയമുണ്ടായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത്തരം രോഗികളെ പരിചരിക്കാനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരുന്നില്ല. നിലവില്‍ രോഗം നേരത്തെ അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചികിത്സക്ക് സംസ്ഥാനത്ത് തന്നെ പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ സജ്ജവുമാണ്. അതുകൊണ്ട് യാതൊരു ആശങ്കക്കും ഇടമില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. കഴിഞ്ഞ തവണ നിപ്പാ ബാധയുണ്ടായ സമയത്ത് ആസ്‌ത്രേലിയയില്‍ നിന്ന് കൊണ്ടുവന്നതും പുണെ ആന്റിബയോട്ടിക് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചതുമായ പ്രതിരോധ മരുന്നുകള്‍ കേരളത്തിന് ഉടന്‍ ലഭ്യമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായി മന്ത്രി ശൈലജ അറിയിച്ചു. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗ കേന്ദ്രസംഘം കൂടുതല്‍ വിദഗ്ധ സഹായങ്ങള്‍ക്കായി ഇന്നലെ രാവിലെയോടെ കൊച്ചിയിലെത്തിയിട്ടുമുണ്ട്. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുമുണ്ട്.

ഫ്‌ളയിംഗ് ഫോക്‌സ് എന്നറിയപ്പെടുന്ന കുറുക്കന്റെ മുഖമുള്ള വവ്വാലുകളില്‍ നിന്ന് പഴങ്ങളിലേക്ക് പടര്‍ന്ന് അതില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. നിപ്പാ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലെല്ലാം പഴം തിന്നുന്ന വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ആണ് രോഗം ബാധിക്കുക. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് മുതല്‍ 15 വരെ ദിവസങ്ങള്‍ക്കു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുക. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചര്‍ദി, ക്ഷീണം, കാഴ്ചക്ക് മങ്ങല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച പഴങ്ങളില്‍ നിന്ന് മാത്രമേ രോഗാണു ബാധക്കു സാധ്യതയുള്ളൂ. പക്ഷികളോ മറ്റോ കടിച്ച പഴങ്ങള്‍ ഒഴിവാക്കണം. വ്യക്തിശുചിത്വമാണ് നിപ്പായെ പ്രതിരോധിക്കാനുള്ള മുഖ്യമാര്‍ഗമെന്നും ഭക്ഷണത്തിനു മുമ്പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കഴിവതും തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. ആശുപത്രികളില്‍ അനാവശ്യമായ രോഗീസന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.

കഴിഞ്ഞ തവണ ആരോഗ്യ വകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ ഭിന്നത മറന്ന് കേരളീയ ജനത ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തതാണ് രോഗത്തെ പെട്ടെന്നു നിയന്ത്രിക്കാന്‍ വഴിയൊരുക്കിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടായ സമീപനം സ്വാഗതാര്‍ഹമാണ്. കൊച്ചിയില്‍ ആരോഗ്യമന്ത്രി ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ സര്‍വവിധ പിന്തുണയും പ്രഖ്യാപിക്കുകയും ആരോഗ്യ വകുപ്പിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയുമുണ്ടായി. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയക്കാരുമുണ്ട് സംസ്ഥാനത്ത്. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ കുറിപ്പുകളിട്ടു ഭീതി പരത്താന്‍ ശ്രമിക്കുന്നു മറ്റു ചിലര്‍. ഇത്തരം തരംതാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന് സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനുള്ള വിവേകമാണ് ഈ ഘട്ടത്തില്‍ ആവശ്യം.