പി എഫ് + നോൺ പി എഫ് : സകാത്ത് വരുന്ന വഴി

Posted on: June 4, 2019 3:26 pm | Last updated: June 4, 2019 at 3:26 pm

ഡോ. ഉക്കാസ് കുടുങ്ങിയ കഥ കേൾക്ക്! 2014ലാണ് അങ്ങോർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ആ വർഷം മെയ് മാസം തന്നെ പി എഫ് ഓപണാക്കുകയും ചെയ്തു. പി എഫ് ആവുന്നത്ര ചാമ്പിയാൽ ടാക്‌സടവ്് കഴിവത് കുറക്കാമെന്ന കുറുക്കുപാഠം ഡോ. മേരീ കുരുവിളയിൽ നിന്ന് കിട്ടിയ ഉക്കാസെന്നോർ തുടക്കത്തിലേ അയ്യായിരം വെച്ച് പി എഫ് തള്ളിത്തുടങ്ങി. എന്തായാലും അഞ്ച് മാസം കഴിഞ്ഞല്ലേ നിസ്വാബ് തുക തികയൂ (24000 രൂപയാണ് ഏകദേശ നിരക്ക്), പിന്നീടൊരു വർഷം കഴിഞ്ഞല്ലേ സകാത്ത് തുടങ്ങേണ്ടൂ എന്നൊക്കെ കരുതിയിരിക്കവെ ഡോക്ടറുടെ ബഅ്‌സുള്ള ബീടർ ഒരു കാര്യം വെളിപ്പെടുത്തി. പലപ്പോഴായി ഡോക്ടറിന്റെ പോക്കറ്റിൽ നിന്ന് അലക്കുവേളയിൽ ഇസ്‌കിയ 500ഉം ആയിരവും ചേർത്ത് വെച്ച്, സ്വരുക്കൂട്ടിയ കാൽ ലക്ഷം കൊണ്ട് ഒരു പവന്റെ വള വാങ്ങാൻ ഒരുമ്പെട്ടിരിക്കുകയാണ്, മൂധേവി. അതിനെന്താ? വാങ്ങിക്കോട്ടെ. അതും നമ്മുടെ പി എഫ് സകാത്തുമായി എന്താണ് ബന്ധം എന്നായിരിക്കും ചിലരിപ്പോൾ ആലോചിക്കുന്നത്. സൂക്ഷ്മമായി ഒന്നാലോചിച്ചാണീ, ഒരു ബന്ധമില്ലേ?
സകാത്ത് നിർബന്ധമാകാൻ രണ്ട് കണ്ടീഷനുകളാണ് നമ്മൾ പറഞ്ഞത്.

1. അടിസ്ഥാന നിരക്ക് (നിസ്വാബ്) തികയൽ.
2. വർഷം പൂർത്തിയാകൽ.
ഇവിടെ പി എഫിന് സകാത്ത് നിർബന്ധമാകാൻ പി എഫ് തുക ചേർത്തുവെച്ചുള്ള സംഖ്യയുെട തന്നെ നിസ്വാബ് തികയണം എന്നുണ്ടോ? ഇല്ല!! ഏത് നിലക്കാണെങ്കിലും ശരി, തന്റെ കൈവശ സ്വത്തായി ആ നിസ്വാബ് തുക ഉണ്ടായാൽ മതി. അങ്ങനെയാണെങ്കിൽ നിക്ഷേപശാലിനിയായ സുലൈഖാ ബീഗം ഇസ്‌കി വെച്ച 25000 രൂപ- ഇപ്പോൾ തന്നെ നിസ്വാബ് തികയാൻ കാരണമായില്ലേ? ആയി! അത്, ഭാര്യ അടിച്ചുമാറ്റിയ പൈസയല്ലേ, അത് വെച്ചങ്ങനെയാണ് ഡോക്ടറുടെ നിസ്വാബ് തികയുക എന്നൊന്നും ആരും ചോദിക്കേണ്ട! കാരണം, “പോക്കറ്റിൽ നിന്ന് ഭംഗ്യന്തരേണ മാട്ടുന്ന പണം നിനക്കുള്ളതാ, നീയെടുത്തോ’ എന്നൊരു വിജ്ഞാപനം ഡോക്ടർ പുറപ്പെടുവിച്ചിട്ടില്ല എന്ന് മാത്രമല്ല, ഡോക്ടർ ആ പൈസ കൈയാൽ പിടിച്ചുവാങ്ങുമെന്നും തൽക്കാലം അവളിപ്പോൾ വള വാങ്ങില്ലെന്നും ഐ പി എഫ് ഇഫ്താർ മീറ്റിൽ വെച്ച് ഉക്കാസുസാർ എന്നോട് നേരിട്ട് പറഞ്ഞതാണ്.

അപ്പോൾ ആ പണം ഡോക്ടറുടെത് തന്നെ. അതാണെങ്കിൽ നിസ്വാബ് തികയാൻ മോർ ദേൻ ഇനഫുമാണ്. അപ്പോൾ ഡോക്ടർ എന്ത് ചെയ്യണം? 2014 മെയ് മുതൽ തന്നെ കണക്ക് പിടിച്ച് തുടങ്ങണം. 2015 മെയിൽ തന്നെ ആദ്യ പി എഫ് (+ നോൺ പി എഫ്) സകാത്ത് കൊടുക്കാനുള്ള സൗഭാഗ്യം ഡോക്ടർക്ക് കിട്ടും. പ്രസ്തുത മാസം 25000+5000= 30000 ന്റെ 2.5% ആയ 750 രൂപ സകാത്ത് കൊടുക്കണം. ജൂണിൽ, കഴിഞ്ഞ കൊല്ലത്തെ ജൂണിലെ 5000ന്റെ 2.5% ആയ 125 രൂപ കൊടുക്കണം. അത് പിന്നെ ജൂലൈ, ആഗസ്റ്റ്, സെപ്തംബർ… അങ്ങനെ 2016 ഏപ്രിൽ വരെ കൊടുത്തുപോരണം. മുമ്പ് പറഞ്ഞതാണ്, മാസാമാസം ച്ചിച്ചിരി കൊടുക്കുന്നതിൽ തരക്കേട് തോന്നുകയാണെങ്കിൽ ആദ്യമേ ഗണിച്ച് അടങ്കലും കൊടുക്കാവുന്നതാണ് (നിബന്ധനകൾ ബാധകം).

അങ്ങനെയാണെങ്കിൽ ആ ജൂണിൽ 11×125=1375 കൊടുത്തുവീട്ടാവുന്നതാണ്, ഒന്നുകിൽ. അല്ലെങ്കിൽ മെയ്‌യിലെ 750 ഓട് ചേർത്ത് 2125 ഒന്നിച്ചു കൊടുക്കാവുന്നതാണ്. ഇപ്പോൾ 2016 ഏപ്രിൽ വരെയുള്ളത് ക്ലിയറാക്കി. ഇനി മെയ് വരുമ്പോൾ നിസ്വാബ് തുകയായ 25000 (പ്രതിശ്രുത വളക്കാശ്) ത്തിനൊപ്പം വർഷം പൂർത്തിയായ അയ്യായിരങ്ങൾ കൈവശമുണ്ടെന്ന ഓർമവേണം, 2015ലേതും 2016ലേതും. അപ്പോൾ ഈ മെയിൽ 25000+5000+5000= 35000 ന്റെ സകാത്ത് കൊടുക്കണം. 35000 x2.5= 875 കൊടുക്കണം. തുടർന്ന് മുമ്പ് പറഞ്ഞത് പ്രകാരം, തുടർന്നുള്ള ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെല്ലാം 10000ന്റെ 2.5% വെച്ച് കൊടുത്തുപോരണം, അഥവാ 250 വെച്ച്. 2017 ഏപ്രിൽ വരെ… ഇനി 2018 മെയ് ആകുമ്പൊഴോ? 25000+15000=40000… അങ്ങനെ പോകും ആ കണക്ക്.
തത്ക്ഷണ നിസ്വാബിന്റെ ഈ കഥ കേട്ടപ്പോഴാണ് ആർ ടി ഒ അന്ത്രുവിന് മർമത്തിനടിയേറ്റ പോലെ ഒരുമാതിരി തലമിന്നിപ്പ് തുടങ്ങിയത്. പഴയ കണക്ക്കിത്താബുകളും പാസ് ബുക്കുകളും മറിച്ച് നോക്കിയപ്പോൾ ആകെ കഴുകുഴയായി. 2012 ജനുവരിയിൽ പി എഫ് തുടങ്ങിയ ആളാണ് സകല വണ്ടിക്കാരെയും മീശ പിരിച്ച് പേടിപ്പിക്കുന്ന ആർ ടി ഒ അവർകൾ. തുടക്കത്തിൽ ബഹു. അർക്കീസിൽ വെറും 1500 രൂപയേ ഇട്ടിരുന്നുള്ളൂ. നിസ്വാബ് തികയാൻ കുറേ കാലമെടുക്കും എന്ന് കരുതിക്കാണും. പക്ഷേ ഫെഡറൽ ബേങ്കിൽ ഒരു ആറായിരത്തി മുന്നൂറ് കിടപ്പുണ്ടായിരുന്നു. പോസ്‌റ്റോഫീസിൽ ഒരു അയ്യായിരത്തി നാനൂറുണ്ടായിരുന്നു. അളിയന് ഷാർജയിലേക്ക് ടിക്കറ്റെടുത്തു കൊടുത്ത വക എട്ടായിരത്തി നാനൂറ് വേറെ കിട്ടാനുണ്ട്. ഓഫീസ് അറ്റൻഡർ കോയിന്ദങ്കുട്ടി, പള്ളയിൽ പാഞ്ഞിങ്കേറ്റമിളകി അഡ്മിറ്റായ മകനെ ഡിസ്ചാർജാക്കാൻ അയ്യായിരം കടം മേടിച്ചുകൊണ്ടുപോയത് കിട്ടിയിട്ടില്ല. പണിയായി!? ഇതെല്ലാം നിസ്വാബിലേക്ക് കലാശിക്കുന്ന കാശുവകകളാണ്. കൂട്ടിനോക്കാം.

ഫെഡറൽ ബേങ്ക് = 6300+
പോസ്‌റ്റോഫീസ് = 5600
അളിയൻ വക = 8400
ഗോവിന്ദൻ കുട്ടി = 5000
25300

ഹ ഹ്ഹ! ഇതാ പാട്ടുംപാടി നിസ്വാബ് തികയുന്നു!! അല്ല തികഞ്ഞ് തുളുമ്പുന്നു. ഒരു കാര്യം ചെയ്യാം. ആർ ടി ഒ അന്ത്രുവിന്റെ കാര്യം പരത്തിപ്പരയുന്നതിന് പകരം നമുക്ക് ടാബുലാർ പ്രസന്റേഷനായി അലങ്കരിച്ചുനോക്കാം.

ഇതാണ് ആർ ടി ഒ അന്ത്രുസാഹിബിന്റെ വിശദമായ സകാത്ത് ചാർട്ട്. ഇത് നിങ്ങൾ ആദ്യം വിസ്തരിച്ച് പഠിക്കുക. ശേഷം ചില ഹോംവർക്കുകൾ തരുന്നുണ്ട്. അത് ശ്രദ്ധയോടെ ചെയ്യുക
1. അന്ത്രുവിന്റെ കണക്കിൽ പി എഫ്, നോൺ പി എഫ് കണക്കുകൾ കൂട്ടിക്കുഴച്ചാണ് ചെയ്തിരിക്കുന്നത്. അത് അന്ത്രുവിന് സകാത്ത് ബാധകമാകുന്ന മറ്റ് സാമ്പത്തിക വ്യവഹാരങ്ങളൊന്നും നിലവിലില്ല എന്ന ധാരണപ്രകാരമായിരുന്നു. പക്ഷേ, തുടർന്നുള്ള സൂക്ഷ്മാന്വേഷണത്തിൽ നിന്ന് മനസ്സിലായി, അദ്ദേഹത്തിൽ നിന്നും സകാത്ത് വസൂലാക്കാവുന്ന ഏതാനും ചില നിക്ഷേപങ്ങൾ കൂടിയുണ്ടെന്ന്. ആയതിനാൽ സകാത്ത് കണക്ക് സെപറേറ്റ് സെപറേറ്റ് ആയി കൂട്ടാനാണ് തീരുമാനം. നിങ്ങൾ മേൽ ചാർട്ടിൽ നിന്ന് നിലവിലുള്ള നിസ്വാബ് തുകയുടെ (25300) കണക്കിനെ മോചിപ്പിച്ച്, ഒരു എക്‌സ്‌ക്ലൂസീവ് പി എഫ് ചാർട്ടായി മാറ്റിയെഴുതുക.
2. 2012 മുതൽ 2019 വരെ നാല് വകയിലുള്ള 25300 അപ്പടിത്തന്നെ നിലനിൽക്കുന്നു എന്ന വെപ്പുപ്രകാരമാണ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ താഴെ പറയുന്ന ട്രാൻസാക്ഷൻസ് പരിഗണിച്ച് ചാർട്ട് മാറ്റിയെഴുതുക.
എ) 2013 നവംബറിൽ ഫെഡറൽ അക്കൗണ്ട് പിൻവലിച്ച് പീടികപ്പറ്റ് തീർക്കുന്നു.

ബി) 2014ൽ പോസ്റ്റ് ഓഫീസ് ബാലൻസ് പിൻവലിച്ച് അരീക്കോട് മജ്മഇലെ ഒരു കുട്ടിയുടെ ആഹാരച്ചെലവ് ഏറ്റെടുക്കുന്നു.

സി) 2017ൽ ഗോവിന്ദൻകുട്ടി തിരിച്ചുനൽകിയ പണം കൊണ്ട് ഐ പി ബിയുടെ പുസ്തകക്കിറ്റ് വാങ്ങുന്നു.
ഡി) 2018 ആയിട്ടും അളിയന്റെ പണം തിരികെ കിട്ടായ്കയാൽ- അവനാണെങ്കിൽ സ്വന്തം കാര്യങ്ങളെല്ലാം മുറപോലെ നടത്തുന്നുമുണ്ട്- പൾസർ മാറ്റി ഒന്നേഎഴുപതിന്റെ ബുള്ളറ്റ് വാങ്ങി, കാർ പോർച്ച് ഓഫീസ് റൂമാക്കി മാറ്റിപ്പണിതു, മുറ്റത്ത് ഇന്റർലോക്കിട്ടു, തൊടിയിൽ കൊറിയയുടെ പച്ചപ്പുല്ല് വിരിച്ചു- എന്നിട്ടൊന്നും ഷാർജ ടിക്കറ്റ് തുക സ്വാഹ!- മനംമടുത്ത പിയാപ്ല അതിനി വേണ്ടെന്ന് വെക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിൽ എന്തെല്ലാം മാറ്റങ്ങൾ എവിടെയെല്ലാമാണ് വരിക എന്നൊന്ന് കൂട്ടിക്കാണിച്ചാട്ടെ!

ഫൈസൽ അഹ്‌സനി ഉളിയിൽ
[email protected]