Connect with us

Kerala

ത്രിപുരയില്‍ കനത്ത മഴയും കാറ്റും; ഒമ്പതു പേര്‍ക്ക് പരുക്ക്, ആയിരങ്ങള്‍ ഭവനരഹിതരായി

Published

|

Last Updated

അഗര്‍ത്തല: ത്രിപുരയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഒമ്പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. കഴിഞ്ഞ 72 മണിക്കൂറിനിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും കൊടുങ്കാറ്റുമുണ്ടായത്. വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 1,746 പേര്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം തേടിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ അടിയന്തര രക്ഷാകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പശ്ചിമ ത്രിപുര, സെപാഹിജാല ജില്ലകളില്‍ നിന്നുള്ളവരാണിവര്‍.

പശ്ചിമ ത്രിപുര, സെപാഹിജാല, ഗൊമാതി, തെക്കന്‍ ത്രിപുര ജില്ലകളില്‍ അതിശക്തമായി വീശിയടിച്ച കാറ്റില്‍ 66 വീടുകള്‍ പൂര്‍ണമായും 866 എണ്ണം ഭാഗികമായും തകര്‍ന്നു. 283 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ദുരന്തത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേബ് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.