രോഗിയുമായി അടുത്ത് ഇടപഴകിയ നാല് പേര്‍ക്ക് പനി; ~ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Posted on: June 4, 2019 11:27 am | Last updated: June 4, 2019 at 2:49 pm

കൊച്ചി: നിപ സ്ഥിരീകരിക്കപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുമായി ബന്ധപ്പെട്ട നാല് പേരില്‍ പനി. ഇതില്‍ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോലജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ശ്രവങ്ങള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളായ രണ്ട് പേര്‍. മറ്റ് രണ്ടുപേര്‍ രോഗിയെ ആദ്യഘട്ടത്തില്‍ പരിചരിച്ച നേഴ്‌സുമാരാണ്. ഇവര്‍ നാല് പേര്‍ക്കും മരുന്ന് നല്‍കി തുടങ്ങി.

അതിനിടെ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു കൃത്രിമ ഉപകരണവും ഇല്ലാതെയാണ് രോഗി ശ്വാസമെടുക്കുന്നത്. ഇന്ന് രാവിലെ രോഗി അല്‍പ്പം സംസാരിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

കേരളത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും പൂനെയില്‍ കൂടുതല്‍ മരുന്നുകള്‍ അല്‍പ്പസമയത്തിനകം കേരളത്തിലെത്തും. റിബാവറില്‍ മരുന്ന് ആവശ്യത്തിന് ഇപ്പോള്‍ തന്നെ കേരളത്തിനുണ്ട്. ഇതിനാല്‍ മരുന്നുകളുടെ കാര്യത്തില്‍ ആരോഗ്യ വകുപ്പിന് ഒരു ആശങ്കയുമില്ല. രോഗിയെ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി എയിംസിലെ ഏഴംഗ വിദഗ്ദ മെഡിക്കല്‍ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.