Connect with us

Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി: വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെപ്രതിയാക്കിയാണ് വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ എംഡിയടക്കം ആകെ അഞ്ച് പ്രതികളാണുള്ളത്. ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. പാലം നിര്‍മാണത്തിന് നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചതായും ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. പാലത്തിന്റെ നിര്‍മാണത്തിലെ പോരായ്മകള്‍ സംബന്ധിച്ചു ചെന്നൈ ഐഐടിയില്‍ നിന്നെത്തിയ സംഘം റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിജിലന്‍സ് പരിശോധന നടത്തുകയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവര്‍ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്തിരുന്നു. ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുളള നിര്‍മാണം എന്നിവയാണു ഐഐടി പഠനത്തില്‍ പാലത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായി കണ്ടെത്തിയത്.
പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍ തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്നു ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്.

Latest