മമതക്ക് മാനസികാസ്വാസ്ഥ്യം, വിശ്രമിക്കട്ടെ; എരിതീയിലേക്ക് എണ്ണയൊഴിച്ച് കേന്ദ്ര മന്ത്രി സുപ്രിയോ

Posted on: June 3, 2019 2:46 pm | Last updated: June 3, 2019 at 4:33 pm

ന്യൂഡല്‍ഹി: ജയ് ശ്രീറാം മുഴക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോരിലേക്ക് ഇന്ധനം പകര്‍ന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ. തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പരിചയ സമ്പന്നയായ രാഷ്ട്രീയക്കാരിയാണെങ്കിലും അവരുടെ പെരുമാറ്റം മാനസികാസ്വാസ്ഥ്യം വിഭ്രമവും ബാധിച്ച വ്യക്തിയെ പോലെയാണെന്ന് സുപ്രിയോ പറഞ്ഞു.

താനിരിക്കുന്ന പദവിയുടെ അന്തസ്സിനെ കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. കാര്യങ്ങള്‍ നേരെയാകുന്നതിന് അവര്‍ കുറച്ചു ദിവസം വിശ്രമിക്കണം. പെട്ടെന്ന് സുഖമാകട്ടെ എന്ന് ആശംസിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡുകള്‍ തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ മമതക്ക് അയക്കുമെന്ന് ബംഗാളിലെ അന്‍സോളില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട സുപ്രിയോ പറഞ്ഞു. ബി ജെ പിയെ മമതക്ക് പേടിയാണെന്നും അതുകൊണ്ടാണ് ബി ജെ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നതിനെ എതിര്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മമതയെ പ്രകോപിപ്പിക്കാന്‍ ജയ് ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റുകാര്‍ഡുകള്‍ അടുത്തിടെ ബി ജെ പി അയച്ചിരുന്നു. മമതയുടെ വീടിന്റെ മേല്‍വിലാസത്തിലാണ് കാര്‍ഡുകള്‍ അയച്ചത്. മമത കാറില്‍ കടന്നുപോകുമ്പോള്‍ ജയ് ശ്രീ റാം, ജയ് മോദി വിളികളുമായി പ്രതിഷേധിച്ച ഏഴ് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബാരക്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചുള്ള കുത്തിയിരിപ്പു ധര്‍ണയെ അഭിസംബോധന ചെയ്യാന്‍ പോകുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളികളുമായി മമതയുടെ കാറിനടുത്തേക്ക് എത്തിയത്. രണ്ടു തവണ കാറില്‍ നിന്നിറങ്ങിയ മമത ബി ജെ പി സംഘത്തോട് കയര്‍ത്തു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

ജയ് ശ്രീറാം എന്നത് മതപരമായ അര്‍ഥത്തില്‍ ഉപയോഗിക്കുന്നതിനോട് തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ മതം കൂട്ടിക്കുഴക്കുന്ന ബി ജെ പി നടപടിയാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും മമത വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള തീവ്രമായ രാഷ്ട്രീയ യുദ്ധത്തിനാണ് കഴിഞ്ഞ കുറച്ചു കാലമായി ബംഗാള്‍ സാക്ഷ്യം വഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇത് കൂടുതല്‍ രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാനത്ത് വന്‍ നേട്ടമുണ്ടാക്കിയിരുന്നു. ആകെയുള്ള 42 സീറ്റില്‍ 18 എണ്ണമാണ് പാര്‍ട്ടി നേടിയത്. 2104ലെ തിരഞ്ഞെടുപ്പിലെതിനെക്കാള്‍ (രണ്ട് സീറ്റ്) 16 സീറ്റ് കൂടുതല്‍. മമതയുടെ തൃണമൂലിന് ലഭിച്ചത് 22 സീറ്റുകളാണ്.