ഒടുവില്‍ കോണ്‍ഗ്രസും അബ്ദുല്ലക്കുട്ടിയെ പുറന്തള്ളി

Posted on: June 3, 2019 2:01 pm | Last updated: June 3, 2019 at 5:34 pm

തിരുവനന്തപുരം: നരേന്ദ്ര മോദിയെ സ്തുതിക്കുകയും ഇതിന് വിശദീകരണം ചോദിച്ച പാര്‍ട്ടിയുടെ നടപടി തള്ളിക്കളയുകയും ചെയ്ത എ പി അബ്ദുല്ലക്കുട്ടിയെ ഒടുവില്‍ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താത്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയതിനാണ് നടപടിയെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അബ്ദുല്ലകുട്ടിയോട് വിശദീകരണം ചോദിക്കുകയും അതിന് തന്റെ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയുമാണ് അദ്ദേഹം ചെയ്തത്. കൂടാതെ പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും ചെയ്തു. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു വരികയാണ്. ഈ സാഹചര്യത്തില്‍ അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

നേരത്തെ സി പി എമ്മില്‍ നിന്നും അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയത് മോദി സ്തുതിയുടെ പേരിലായിരുന്നു. സമാന സഹാചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ ഒരു തോല്‍വിക്ക് പിന്നാലെയാണ് അബ്ദുല്ലക്കുട്ടി മോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. മോദിയുടെ നയങ്ങള്‍ ഗാന്ധിയന്‍ മൂല്ല്യങ്ങളില്‍ നിന്നുള്ളതാണെന്നും അദ്ദേഹത്തിന്റെ വികസന അജന്‍ഡയാണ് തിരഞ്ഞെടുപ്പില്‍ വലിയ വിജയം നല്‍കിയതെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി പറഞ്ഞത്. ഇത്തരം ഒരു പ്രസ്താവന നടത്തിയാല്‍ പാര്‍ട്ടിയില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അബ്ദുല്ലക്കുട്ടി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നേതാക്കന്‍മാരും അണികളും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയപ്പോഴും അബ്ദുല്ലക്കുട്ടി നിലപാടില്‍ ഉറച്ച് നിന്നതും ഇതിന്റെ ഭാഗമാണ്. പുതിയ രാഷ്ട്രീയ ലക്ഷ്യം അബ്ദുല്ലക്കുട്ടിക്ക് ഉണ്ടെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. ബി ജെ പി പ്രവേശനമാണ് അബ്ദുല്ലക്കുട്ടി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പില്‍ സീറ്റും അബ്ദുല്ലക്കുട്ടി ലക്ഷ്യമിടുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ അബ്ദുല്ലക്കുട്ടിയെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തത് ശ്രദ്ധേയമാണ്.