മമതയുടേത് അസുരനായ ഹിരണ്യകശിപുവിന്റെ കുടുംബം: സാക്ഷി മഹാരാജ്

Posted on: June 3, 2019 10:22 am | Last updated: June 3, 2019 at 1:59 pm

ഹരിദ്വാര്‍: അസുരനായ ഹിരണ്യകശിപുവിന്റെ കുടുംബമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേതെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ്. ജയ് ശ്രീറാം വിളിക്കുന്ന എല്ലാവര്‍ക്കുമെതിരേ മമത ഗൂഢാലോചന നടത്തുന്നുണ്ടെന്നും സാക്ഷി ആരോപിച്ചു.
‘ഇവിടെയൊരു രാക്ഷസനുണ്ടായിരുന്നു. പേര് ഹിരണ്യകശിപു. ജയ് ശ്രീറാമെന്നു വിളിച്ചതിനാണ് അയാളുടെ മകനായ പ്രഹ്ലാദനെ തുറങ്കില്‍ അടച്ചത്. ഇതുതന്നെയാണ് ബംഗാളില്‍ ആവര്‍ത്തിക്കുന്നത്. അതു കണ്ടിട്ടു തോന്നുന്നത് മമത ജനിച്ചത് ഹിരണ്യകശിപുവിന്റെ കുടുംബത്തിലാണെന്നാണ്’ – വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി പറഞ്ഞു.

മമത്ക്ക് ജയ് ശ്രീറാം എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കണമെന്ന് ബി ജെ പിയുടെ മറ്റൊരു എം പി അര്‍ജുന്‍ സിംഗ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഈ 10 ലക്ഷം പേരെ അറസ്റ്റ് ചെയ്യാന്‍ അര്‍ജുന്‍ മമതയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബി ജെ പി ‘ജയ് ശ്രീറാം’ ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായിട്ടാണെന്ന മമതയുടെ ആരോപണമാണ് പ്രതിഷേധത്തിനിടയാക്കിയത്. ‘ചില ബി ജെ പി അനുകൂലികള്‍ അക്കൗണ്ടുകളിലൂടെയും വ്യാജ വീഡിയോകളിലൂടെയും വ്യാജ വാര്‍ത്തകളിലൂടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളിലൂടെയും വിദ്വേഷത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യവും യാഥാര്‍ഥ്യവും അടിച്ചമര്‍ത്താനും ആശയക്കുഴപ്പമുണ്ടാക്കാനും വേണ്ടിയാണിണിതെന്നും മമത പറഞ്ഞിരുന്നു.