Connect with us

Kerala

സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസ് മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിക്കുന്നു: കേന്ദ്രമന്ത്രി മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടിയാണ് കേസ് അട്ടിമറിക്കുന്നതെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
തന്നെ വധിക്കാന്‍ നടന്ന ശ്രമത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധിക്കു പങ്കുണ്ടെന്ന് നസീര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിലുള്ള പോലീസ് അന്വേഷണം വഴിമുട്ടിയത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ നേതാവാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടാണ് നസീര്‍ വധശ്രമം അന്വേഷണം മുടങ്ങിയത്. സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടേയും പ്രത്യേക താത്പര്യമാണ് ഇതിനു പിന്നില്‍.

അക്രമരാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു എന്ന് വിലയിരുത്തുമ്പോള്‍തന്നെ മറുവശത്ത് അക്രമികളെ സംരക്ഷിക്കുന്നതിലൂടെ ജനഹിതത്തെ സി പി എം വെല്ലുവിളിക്കുകയാണ്. ജനാഭിപ്രായത്തെ മാനിക്കാതെ മുന്നോട്ടുപോകുന്ന സി പി എം ജനങ്ങളുടെ പാര്‍ട്ടിയല്ല. ജനവിരുദ്ധ പാര്‍ട്ടയാണെന്ന് ഇതിലൂടെ തെളിയുന്നു.
തങ്ങള്‍തന്നെ നടത്തിയ വിലയിരുത്തലുകളെയും ജനഹിതത്തെയും അല്‍പ്പമെങ്കിലും വിലവെക്കുന്നെങ്കില്‍ നസീര്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും മുഖംനോക്കാതെ നടപടിയെടുക്കാനുമാണ് ശ്രമിക്കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.