Connect with us

Editorial

യാഥാർഥ്യത്തിന് നേരെ കണ്ണടക്കാനാവില്ല

Published

|

Last Updated

രാജ്യം വികസനത്തിലേക്ക് കുതിക്കുകയാണെന്ന പുറംപ്രചാരണം നടത്തി ബി ജെ പി വീണ്ടും അധികാരത്തിലെത്തിയെങ്കിലും കിതക്കുന്ന ഇന്ത്യയായിരുന്നു വാസ്തവമെന്ന് തിരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും തൊഴിലില്ലായ്മയും മുരടിപ്പും കൂടിയതായും കേന്ദ്ര സർക്കാർ പുറത്തുവിടാതെ പിടിച്ചുവെച്ചിരുന്ന സാമ്പിൾ സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൊത്തം ആഭ്യന്തര ഉത്പാദനം 5.8 ശതമാനം മാത്രമാണെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ നേരത്തേ ചോർന്ന് പുറത്തു വന്നിരുന്നുവെങ്കിലും കണക്കുകൾ കേന്ദ്രം പുറത്തു വിട്ടിരുന്നില്ല. റിപ്പോർട്ട് പൂർണമായിട്ടില്ലെന്നായിരുന്നു വാദമുന്നയിച്ചത്. എന്നാൽ പൊതുതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഭയന്ന് സർക്കാർ കണക്ക് പുറത്തുവിടാത്തതാണെന്ന് അന്ന് തന്നെ വിമർശമുയരുകയും ഇപ്പോൾ അത് തെളിയുകയുമാണ്. റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിംഗ് ചെയർമാനും മലയാളിയുമായ പി സി മോഹനൻ, കമ്മീഷൻ അംഗം ജെ വി മീനാക്ഷി എന്നിവർ രാജിവെച്ചിരുന്നു.
അന്നേ പുറത്തു വന്ന കണക്കുകൾക്കാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിറ്റേന്ന് സ്ഥിരീകരണം ലഭിച്ചത്.
ഉത്പാദന മേഖലയിലെ ഈ തളർച്ചയോടെ അന്താരാഷ്ട്ര സാമ്പത്തിക മേഖലയിൽ രാജ്യം പിറകോട്ടടിച്ചുവെന്ന് മാത്രമല്ല, ഇന്ത്യക്ക് ഇതോടെ വേഗത്തിൽ വളരുന്ന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ഘടന എന്ന പദവി നഷ്ടമാവുകയുമാണ്. അയൽപക്കക്കാരായ ചൈനയാണ് ഇന്ത്യയെ പിന്തള്ളി വേഗത്തിൽ വളരുന്ന ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറിയത്.
രാജ്യത്ത് തൊഴിലില്ലായ്മയുടെ കാര്യത്തിലും വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. തൊഴിലില്ലായ്മാ നിരക്ക് 2017- 18 വർഷം കഴിഞ്ഞ 45 വർഷത്തേക്കാൾ ഉയരത്തിലെത്തി. നഗര മേഖലയിൽ യുവജനങ്ങൾക്കിടയിൽ 7.8 ശതമാനം പേരും തൊഴിൽ രഹിതരാണ്. ഗ്രാമങ്ങളിലാവട്ടെ 5.3 ശതമാനം യുവാക്കളും തൊഴിലില്ലായ്മ അനുഭവിക്കുന്നു.

ബുദ്ധിശൂന്യമായ നോട്ട് നിരോധനം, വേണ്ട മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ജി എസ് ടി. ആസൂത്രണ കമ്മീഷന്റെ പിരിച്ചുവിടൽ, സ്ഥിതിവിവരക്കണക്ക് സ്ഥാപനങ്ങൾക്ക് മേലുള്ള സർക്കാറിന്റെ കൂച്ചുവിലങ്ങ്, ആർ ബി ഐ യുടെ സ്വയംഭരണത്തിന്മേലുള്ള കൈകടത്തൽ തുടങ്ങിയ സാമ്പത്തിക രംഗത്തെ സംഭവ വികാസങ്ങൾ ഇത്തരമൊരു മുരടിപ്പിന് വഴിവെക്കുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ആഭ്യന്തര ഉത്പാദന മേഖലയിലെ തളർച്ച സാമ്പത്തിക മുരടിപ്പിന് വഴിവെക്കുന്നുവെന്നത് സ്വാഭാവികം.മോദി ഭരണ കാലത്ത് ഉത്പാദന മേഖലയിലുണ്ടായ തിരിച്ചടിയാണ് സാമ്പത്തിക മേഖലയിൽ തിരിച്ചടിക്ക് വഴിവെച്ചതും വളർച്ചയിൽ പിറകോട്ടടി ക്ഷണിച്ചു വരുത്തിയതും. രാജ്യത്തെ ആഭ്യന്തര ഉത്പാദന വളർച്ച (ജി ഡി പി)യുടെ ഉയർന്ന ശതമാനം മൂലധന വിന്യാസത്തിനായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ കൂടുതൽ ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കാനാകുമെന്നത് ലളിതമായ തത്വമാണ്. എന്നാൽ മോദി ഭരണകാലത്ത് അതിന്റെ തൊട്ടുമുമ്പുള്ള രണ്ട് യു പി എ ഭരണകാലത്തേക്കാളും കുറഞ്ഞ മൂലധന നിക്ഷേപമേ ഉണ്ടായിട്ടുള്ളൂ. വികസനത്തിന്റെ മറ്റൊരു അളവുകോലാണ് വ്യാവസായികോത്പാദന സൂചിക. നിർമിത മേഖലയുടെ വളർച്ച പരമപ്രധാനമാണ്. കണക്കുകൾ കാണിക്കുന്നത് മോദി ഭരണകാലത്ത് യു പി എ ഒന്നും രണ്ടും കാലത്തേക്കാൾ കുറഞ്ഞ വളർച്ച കൈവരിക്കാനേ ഈ മേഖലക്ക് കഴിഞ്ഞിട്ടുള്ളൂ എന്നാണ്.
ജി ഡി പി യുടെ വളർച്ചക്ക് സഹായിക്കുന്ന മറ്റൊരു ഘടകമാണ് സ്വകാര്യ ഉപഭോഗച്ചെലവ്. നോട്ട് നിരോധനം സ്വകാര്യ ഉപഭോഗത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. അതേസമയം മെച്ചപ്പെട്ട ജി ഡി പി വളർച്ച മോദി ഭരണകാലത്താണെന്ന് സ്ഥാപിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നിരുന്നു. സർക്കാർ സംവിധാനം വരെ ഈ രീതിയിൽ റിപ്പോർട്ട് തയ്യാറാക്കാൻ ദുരുപയോഗം ചെയ്തു. രണ്ടാം യു പി എ ഭരണകാലത്ത് 7.8 ശതമാനം വളർച്ച നേടിയപ്പോൾ മോദി ഭരണകാലത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയത് 8.1 ശതമാനമായിരുന്നു. നോട്ട് നിേരാധനവും ജി എസ് ടിയും നടപ്പാക്കിയിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയം സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സ്ഥിതി വിവര കണക്ക് വിദഗ്ധരും നേരത്തേ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതിന് മുന്നോട്ട് വെച്ചത് കെട്ടിച്ചമച്ച കണക്കാണെന്ന്് ഒരുവിഭാഗം വിദഗ്ധർ മാസങ്ങൾക്കു മുമ്പ് തന്നെ തുറന്നടിക്കുകയും ചെയ്തു.

ജി ഡി പിയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ പ്രത്യക്ഷ -പരോക്ഷ നികുതികളിലും വലിയ നേട്ടമുണ്ടാക്കാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല. പ്രത്യക്ഷ നികുതി വരുമാനത്തിൽ രണ്ടാം യു പി എ സർക്കാറും പരോക്ഷ നികുതി വരുമാനത്തിൽ ഒന്നാം യു പി എ സർക്കാറുമാണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് എന്നാൽ, പരോക്ഷ നികുതി വരുമാനത്തിൽ രണ്ടാം യു പി എ സർക്കാറിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നത് വിസ്മരിക്കേണ്ടതില്ല.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ തലപൊക്കിയപ്പോഴും തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയരുമ്പോഴും അവ മൂടിവെക്കാനുള്ള ശ്രമങ്ങളാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. യഥാർഥ വിവരം മൂടിവെച്ച് കള്ള അവകാശ വാദങ്ങൾ മുന്നോട്ട് വെക്കാൻ മോദി സർക്കാറിന്റെ മിടുക്ക് കുപ്രസിദ്ധവുമാണല്ലോ.
വളർച്ചാ നിരക്കിലെ ക്ഷീണം തീർക്കാൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിന് പകരം നികുതി വർധനയെന്ന ഒറ്റമൂലിയിൽ അഭയം പ്രാപിക്കുന്ന പ്രവണത ഈയിടെയായി കണ്ടുവരുന്നുണ്ട്. എന്നാൽ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും കാർഷിക മേഖലയുടെ മുരടിപ്പും മൂലം പ്രയാസപ്പെടുന്ന കർഷകർക്കും നോട്ട് നിരോധത്തിന്റെയും ജി എസ് ടി ഉൾപ്പെടെയുള്ള സാമ്പത്തിക കെടുകാര്യസ്ഥതയുടെയും തിക്ത ഫലം അനുഭവിക്കുന്ന ഇടത്തരക്കാർക്കും ഇടിത്തീയായി ഇനിയും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന സമീപനം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകരുത്. ഇന്ധന വില വർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളാണ് രാജ്യത്തിന് ഇന്നാവശ്യം.