Connect with us

Ongoing News

വെല്ലുവിളിയുമായി കടുവകള്‍, നേരിടാന്‍ മുറിവേറ്റ സിംഹങ്ങള്‍; ഓവലില്‍ ഇന്ന് തീപാറും

Published

|

Last Updated

ഓവല്‍: ഓവലില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നു തരിപ്പണമായതിന്റെ മുറിവുണക്കാന്‍ ദക്ഷിണാഫ്രിക്ക ഇന്നു വീണ്ടും അതേ മൈതാനത്ത് ഇറങ്ങുന്നു. ഓരോ ദിവസവും കരുത്താര്‍ജിക്കുകയും വമ്പന്‍ ടീമുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന ബംഗ്ലാദേശാണ് എതിരാളികള്‍. ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത് മൂന്നു തവണ മാത്രം. അതില്‍ രണ്ടെണ്ണം ദക്ഷിണാഫ്രിക്കക്ക് അനുകൂലമായപ്പോള്‍ ഒന്നില്‍ ബംഗ്ലാ കടുവകള്‍ക്കായിരുന്നു വിജയം.

മത്സരത്തിന്റെ അവസാന നിമിഷം വരെ ഏതു ടീമിനെയും മലര്‍ത്തിയടിക്കാന്‍ ശേഷിയുള്ളവരാണ് ബംഗ്ലാദേശിന്റെ താരങ്ങള്‍. ലോകകപ്പിനു മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസിനെ വെള്ളം കുടിപ്പിച്ചതിന്റെ ഊര്‍ജവുമായാണ് ബംഗ്ലാദേശ്‌
കളത്തിലിറങ്ങുന്നത്. 1999 മുതലുള്ള ലോകകപ്പുകളില്‍ വമ്പന്മാരെ വട്ടം കറക്കിയതിന്റെ ചരിത്രവുമായാണ് അവരുടെ വരവ്. അരങ്ങേറ്റ മത്സരത്തില്‍ വസീം അക്രം നയിച്ച പാക്കിസ്ഥാനെയും ക്രിക്കറ്റ് ലോകത്തെ ആകെത്തന്നെയും ഞെട്ടിച്ചുകൊണ്ട് വിജയം സ്വന്തമാക്കി. 2007ല്‍ ഇന്ത്യയെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തേക്കയച്ചതും മറ്റാരുമായിരുന്നില്ല.

ബൗളിംഗിലാണ് ബംഗ്ലാദേശിന്റെ കരുത്ത്. പേസര്‍മാരായ മശ്‌റഫ് മുംതസ, മുസ്തഫിസുര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍, ഐ സി സി റാങ്കിംഗില്‍ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായി മാറിയ ഇടതു കൈയന്‍ സ്പിന്നല്‍ ശാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഏതു കിടയറ്റ ബാറ്റ്‌സ്മാന്റെയും വിക്കറ്റുകള്‍ കടപുഴക്കാന്‍ പ്രാപ്തിയുള്ളവരാണ്. എന്നാല്‍, ബാറ്റിംഗില്‍ അത്രത്തോളം കരുത്തറിയിക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല.

അതേസമയം, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയെന്ന ദൗത്യമാണ് ദക്ഷിണാഫ്രിക്കക്കു മുന്നിലുള്ളത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടില്‍ നിന്നേറ്റ 104 റണ്‍സിന്റെ തോല്‍വി ടീമിനെ അലട്ടിക്കൊണ്ടേയിരിക്കും. ഇംഗ്ലീഷ് ബൗണ്‍സറുകള്‍ക്കു മുമ്പിലാണ് 307 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റണ്‍ വേട്ടയെ നിയന്ത്രിക്കുന്നതില്‍ അവരുടെ ബൗളര്‍മാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.

ലോകകപ്പില്‍ ഓരോ മത്സരവും നിര്‍ണായകമാണെന്നതിനാല്‍ തുടക്കത്തിലെ തോല്‍വിയുണ്ടാക്കുന്ന മുറിവിന് ആഴം കൂടും. മുറിവേറ്റ സിംഹങ്ങളെ പോലെ ബംഗ്ലാ കടുവകള്‍ക്കെതിരെ ഇന്ന് ഓവലില്‍ ദക്ഷിണാഫ്രിക്ക ആക്രമിച്ചു കയറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. കളി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ലൈവായി കാണാം.