മമതയെ പ്രകോപിപ്പിക്കാന്‍ ജയ് ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകളയച്ച് ബി ജെ പി

Posted on: June 2, 2019 9:12 am | Last updated: June 2, 2019 at 1:15 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രകോപിപ്പിക്കാന്‍ ജയ് ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റുകാര്‍ഡുകള്‍ അയച്ച് ബി ജെ പി. മമതയുടെ വീടിന്റെ മേല്‍വിലാസത്തിലാണ് കാര്‍ഡുകള്‍ അയച്ചത്. ജയ് ശ്രീ റാം മുഴക്കിയ ബി ജെ പി പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ രീതിയില്‍ പ്രതികരിച്ചതെന്ന് ബി ജെ പി എം പി. അര്‍ജുന്‍ സിംഗ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന അര്‍ജുന്‍ പിന്നീട് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുകയും എം പിയായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അതേസമയം, തങ്ങളുടെ യോഗ സ്ഥലങ്ങളിലേക്ക് ബി ജെ പി പ്രവര്‍ത്തകരെത്തി ജയ് ശ്രീറാം മുഴക്കുകുയായിരുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസം മമത കാറില്‍ കടന്നുപോകുമ്പോള്‍ ജയ് ശ്രീ റാം, ജയ് മോദി വിളികളുമായി പ്രതിഷേധിച്ച ഏഴ് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബാരക്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചുള്ള കുത്തിയിരിപ്പു ധര്‍ണയെ അഭിസംബോധന ചെയ്യാന്‍ പോകുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളികളുമായി മമതയുടെ കാറിനടുത്തേക്ക് എത്തിയത്. രണ്ടു തവണ കാറില്‍ നിന്നിറങ്ങിയ മമത ബി ജെ പി സംഘത്തോട് കയര്‍ത്തു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പ്രദേശത്തെ വീടുകളില്‍ തിരച്ചില്‍ നടത്താനും പോലീസിന് നിര്‍ദേശം നല്‍കി.

ബംഗാളികളും അല്ലാത്തവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമമെന്നും നമ്മുടെ മുദ്രാവാക്യം ജയ് ഹിന്ദ് ആണ്, ജയ് ശ്രീ റാം അല്ലെന്നും മമത പറഞ്ഞിരുന്നു.