ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്നില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം; അതിഥികള്‍ക്കെതിരെ കൈയേറ്റം

Posted on: June 2, 2019 10:06 am | Last updated: June 2, 2019 at 3:29 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമം നടത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപണം. വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പടെയുള്ള അതിഥികളോട് പാക് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നിരവധി അതിഥികള്‍ വിരുന്നില്‍ പങ്കെടുക്കാതെ തിരിച്ചുപോയി.

ചടങ്ങിന്റെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥരാണ് നിലവിട്ടു പെരുമാറിയത്. വിരുന്നിനെത്തിയ പലരെയും ഇവര്‍ കൈയേറ്റെ ചെയ്യുകയും ചിലരെ ഹോട്ടലില്‍ പ്രവേശിപ്പിക്കാതെ മടക്കിയയക്കുകയും ചെയ്തു. അതിഥികള്‍ക്ക് പ്രയാസമുണ്ടായതിനിടയാക്കിയ സംഭവ വികാസങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസരിയ ക്ഷമ ചോദിച്ചു. ഇസ് ലാമാബാദില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിനു മുമ്പും ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.