യുപിയില്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

Posted on: June 1, 2019 5:24 pm | Last updated: June 1, 2019 at 5:24 pm

ലക്‌നൗ: മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ശ്രദ്ധിക്കണമെന്നും മൊബൈല്‍ ഫോണ്‍ അവരുടെ ശ്രദ്ധതെറ്റാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ ചില മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ മെസ്സേജുകള്‍ പരിശോധിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചോരുന്നത് തടയുകയെന്ന ലക്ഷ്യവും മൊബൈല്‍ ഫോണ്‍ വിലക്കിന് പിന്നിലുണ്ട്. നേരത്തെ മന്ത്രിമാര്‍ക്ക് യോഗത്തിന് വരുമ്പോള്‍ മൊബൈല്‍ കൊണ്ടുവരാന്‍ അനുമതിയുണ്ടായിരുന്നുവെങ്കിലും ഫോണ്‍ സൈലന്റാക്കി വെക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് മന്ത്രിസഭാ യോഗത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ കൗണ്ടറില്‍ നല്‍കി ടോക്കണ്‍ വാങ്ങണം. യോഗത്തിന് ശേഷം ടോക്കണ്‍ തിരിച്ചുനല്‍കി മൊബൈല്‍ വാങ്ങിക്കാം.