ഗപ്റ്റില്‍, മണ്‍റോ 50-50: ലങ്കന്‍ പതനം 10 വിക്കറ്റിന്‌

Posted on: June 1, 2019 8:10 pm | Last updated: June 1, 2019 at 10:05 pm

കാര്‍ഡിഫ്: തുടര്‍ച്ചയായ രണ്ടാം ദിനവും ട്വന്റി20 പോലൊരു ഏകദിന മത്സരം. പക്ഷെ,  ശ്രീലങ്കക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ വിക്കറ്റ് നഷ്ടമാവാതെ ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിച്ചത് ഗപ്റ്റില്‍-മണ്‍റോ കൂട്ടില്‍ പിറന്ന ഫിഫ്റ്റി-50.

ശ്രീലങ്ക മുന്നില്‍ വച്ച 137 റണ്‍സ് വിജയലക്ഷ്യം 16.1 ഓവറില്‍ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു. മാര്‍ടിന്‍ ഗപ്റ്റിലും(73*) കോളിന്‍ മണ്‍റോ(58*) പുറത്താകാതെ നേടിയ അര്‍ദ്ധ സെഞ്ചുറികളാണ് കിവികള്‍ക്ക് 10 വിക്കറ്റ് വിജയം സമ്മാനിച്ചത്.

ടോസ് നേടി വിജയം തിരഞ്ഞെടുത്തു

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തവർക്കൊപ്പമായിരുന്നു ഈ ലോകകപ്പിലെ വിജയം. ന്യൂസീലൻഡും മറിച്ചു ചിന്തിച്ചില്ല. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്തനിലവിലെ രണ്ടാം സ്ഥാനക്കാര്‍ ആദ്യ ഓവറിലെ രണ്ടാം ബോളില്‍ തന്നെ ലങ്കന്‍ ഓപണര്‍തിരിമന്നെയെ മടക്കിയയച്ചു. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ തിരിമന്ന(4)യെ തന്റെ രണ്ടാം പന്തില്‍ ജെയിംസ് ഹെന്റി എല്‍ബിഡബ്‌ളിയൂവില്‍ കുരുക്കുകയായിരുന്നു.

നോക്കുകുത്തിയായി നായകൻ

അറുപത് റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ശ്രീലങ്കയുടെ പതനം 29.2 ഓവറില്‍ പൂര്‍ണമാകുകയായിരുന്നു. ദിമുത് കരുണാ രത്‌ന ഒരറ്റത്ത് പിടിച്ചു നിന്നെങ്കിലും മുഴുവന്‍ സഹതാരങ്ങളുടെയും വിക്കറ്റുകള്‍ കണ്ടു നില്‍ക്കാനെ ലങ്കൻ നായകന്  കഴിഞ്ഞുള്ളൂ. ഓപണറായി ഇറങ്ങിയ ദിമുത് 84 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഏഷ്യൻ ദുരന്തം

ഇംഗ്ലീഷ് ലോകകപ്പില്‍ വീണ്ടുമൊരു ഏഷ്യന്‍ ദുരന്തത്തിന് വഴിവച്ച മത്സരത്തില്‍ ബാറ്റിംഗില്‍ തകര്‍ച്ച നേരിട്ട് പാകിസ്ഥാന്റെ വഴിയേ ലങ്കയും മാറുകയായിരുന്നു. മുപ്പത് ഓവര്‍ തീരും മുമ്പേ കിവികള്‍ ലങ്കയെ എറിഞ്ഞിട്ടപ്പോള്‍ നേടാനായത് വെറും 136 റണ്‍സ് മാത്രമായിരുന്നു.

ഒറ്റയാൻമാർ

ഡിസില്‍വ (4), ആന്‍ഗലോ മാത്യൂസ് (0), ഇസ്റു ഉഡാന (0), ജീവന്‍ മെന്‍ഡിസ് (1), ഉഡാന(0), ലക്മല്‍(7), ലസിത് മലിംഗ(1) എന്നിവര്‍ക്ക് രണ്ടക്കം പോലും നേടാനായില്ല.

മൂന്നാമത്തെ ചെറിയ സ്കോർ

ലോകകപ്പില്‍ ആദ്യം ബാറ്റു ചെയ്യുമ്പോള്‍ ശ്രീലങ്ക നേടുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണ് ഇന്ന് നേടിയ 136 റണ്‍സ്. 1975ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 86, 2015ല്‍ സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 133 എന്നിവയാണ് ശ്രീലങ്കയുടെ ചെറിയ സ്‌കോറുകള്‍. 1983ല്‍ ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്ക 136 റണ്‍സിനു പുറത്തായിട്ടുണ്ട്.