Connect with us

National

ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന യുഎസ് റദ്ദാക്കി; തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യ

Published

|

Last Updated

വാഷിംങ്ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യയെ വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് തീരുമാനം. ജൂണ്‍ അഞ്ചോടെ ഇന്ത്യയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെന്ന ആരോപണമുന്നയിച്ചാണ് ട്രംപിന്റെ നടപടി. അതേസമയം, വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രാലയം പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ തീരുമാനം നടപ്പാക്കാന്‍ യുഎസ് തയ്യാറായിരിക്കുകയാണ്. വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാ പട്ടിക 1970കള്‍ മുതല്‍ നിലവിലുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുന്നതിന് പകരം ഈ രാജ്യങ്ങളുടെ ആഭ്യന്തര വിപണി യുഎസ് ഉത്പന്നങ്ങക്ക് തറന്നുകൊടുക്കണമെന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് യുഎസ് നിലപാട്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതി കുറയുകയും കയറ്റുമതി കൂടുകയും ചെയ്തിരുന്നു. ഇതാണ് യുഎസിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാണിജ്യകാര്യങ്ങളില്‍ ദേശീയ താത്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കും യുഎസിനും സ്വീകാര്യമായ ഒരു ധാരണക്ക് ഇന്ത്യ ശ്രമിച്ചിരുന്നുവെങ്കിലും യുഎസ് അംഗീകരിച്ചില്ലെന്നും വ്യാപാര മന്ത്രാലയം വ്യക്തമാക്കി.

വികസിത രാജ്യമായി വളര്‍ന്നുവെന്ന് കാണിച്ച് തുര്‍ക്കിയെ കഴിഞ്ഞ മാസം വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് യുഎസ് ഒഴിവാക്കിയിരുന്നു.